കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടിക്കേസില്‍ എസ്.എഫ്.ഐ.ഒ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതിയില്‍ വാദിക്കാനെത്തിയ അഭിഭാഷകന് കെ.എസ്.ഐ.ഡി.സി നല്‍കിയത് 82.5 ലക്ഷം രൂപ.
കെ.എസ്.ഐ.ഡി.സിക്ക് നിയമോപദേശം നല്‍കാന്‍ സ്ഥിരം അഭിഭാഷകനുള്ളപ്പോഴാണ് വീണാ വിജയനുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാകാന്‍ പുറമേനിന്ന് ഇത്രയും വലിയ തുക നല്‍കി അഡ്വ. സി.എസ്. വൈദ്യനാഥനെ കൊണ്ടുവന്നത്.
കഴിഞ്ഞ ജനുവരി 24, ഫെബ്രുവരി 7, 12 ദിവസങ്ങളിലെ മൂന്നു സിറ്റിങ്ങുകളുടെ പ്രതിഫലമാണ് കെ.എസ്.ഐ. ഡി.സി നല്‍കിയത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വെളിപ്പെടുത്തല്‍. 2022- 23 കാലയളവില്‍ ഇതേ വിഷയത്തിലെ നിയമോപദേശത്തിനു 4.05 ലക്ഷം രൂപ വേറെയും ചെലവഴിച്ചിട്ടുണ്ട്.
അതേസമയം, എക്സാലോജികുമായുള്ള ഇടപാടിന്‍റെ പൂര്‍ണ രേഖകള്‍ സി.എം. ആര്‍.എല്‍ കൈമാറുന്നില്ലെന്ന് ഇ.ഡി കോടതിയില്‍ അറിയിച്ചു. സാമ്പത്തിക ഇടപാടുകളുടെ രേഖകളും കരാര്‍ രേഖകളുമാണ് ഇ.ഡി ആവശ്യപ്പെട്ടത്. പക്ഷേ, ചീഫ് ഫിനാന്‍സ് മാനേജര്‍ പി. സുരേഷ് കുമാര്‍ കരാര്‍രേഖ ഹാജരാക്കിയില്ല. ആവശ്യപ്പെട്ട രേഖകള്‍ ആദായനികുതി വകുപ്പിന്‍റെ ഇന്‍റരിം സെറ്റില്‍മെന്‍റ് ബോര്‍ഡ് പരിശോധിച്ചു തീര്‍പ്പാക്കിയതാണെന്നാണ് സുരേഷ് കുമാര്‍ ചോദ്യംചെയ്യലില്‍ പറഞ്ഞത്. എക്സാലോജിക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അറിയില്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നതെന്നും ഇ.ഡി പറയുന്നു.