എട്ട് പേര്‍ കൊല്ലപ്പെട്ട കളമശേരി സ്ഫോടന കേസ്: കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

കൊച്ചി: എട്ട് പേര്‍ കൊല്ലപ്പെട്ട കളമശേരി സ്ഫോടന കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തമ്മനം സ്വദേശി മാര്‍ട്ടിന്‍ ഡോമാനികാണ് കേസിലെ ഏക പ്രതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 29 നായിരുന്നു കളമശേരിയിലെ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ യഹോവായ സാക്ഷികളുടെ സമ്മേളനത്തിനിടെ എട്ട് പേരുടെ ജീവനെടുത്ത സ്ഫോടനം നടന്നത്. യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍റെ അവസാന ദിവസമായിരുന്നു സ്ഫോടനം. രാവിലെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ തുടങ്ങി. 9.20 ഓടെ ആളുകള്‍ എത്തിയിരുന്നു. 9.30 ഓടെയാണ് സമ്മേളന ഹാളിനകത്ത് ആദ്യ സ്ഫോടനം നടന്നത്. ഈ സമയത്ത് ഹാളില്‍ 2500 ലധികം ആളുകളുണ്ടായിരുന്നു. തുടര്‍ച്ചയായി രണ്ട് സ്ഫോടനങ്ങള്‍ കൂടി നടന്നു. തീ ആളുകളിലേക്ക് ആളി പടര്‍ന്നാണ് കൂടുതല്‍ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. പൊള്ളലേറ്റാണ് എട്ട് പേരും മരിച്ചത്. ഹാളില്‍ നിന്ന് പരിഭ്രാന്തരായി ആളുകള്‍ പുറത്തേക്ക് ഓടിയപ്പോഴും നിരവധി പേര്‍ക്ക് വീണു പരിക്കേറ്റു.

ഫയര്‍ഫോഴ്സും പോലീസും അതിവേഗമെത്തി തീ അണച്ചെങ്കിലും കേരളത്തിന്‍റെ ചരിത്രത്തിലേറ്റ ഏറ്റവും വലിയ നോവായി ഈ സംഭവം മാറി. കണ്‍വെന്‍ഷന്‍ സെന്‍റര്‍ സീല്‍ ചെയ്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആസൂത്രിതമായ സ്ഫോടനമാണെന്ന് തിരിച്ചറിഞ്ഞത്. എന്‍ ഐ എ സംഘവും ഉടന്‍ കളമശ്ശേരിയിലെത്തിയിരുന്നു. ഹാളില്‍ നിന്ന് സ്ഫോടനം സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചു അന്വേഷണം തുടരുന്നതിനിടെ ആണ് തമ്മനം സ്വദേശി മാര്‍ട്ടില്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി സ്ഫോടനം നടത്തിയത് താനാണെന്ന് വെളിപ്പെടുത്തിയത്. പിന്നാലെ ഇയാള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയിരുന്നു. പ്രതി അന്ന് മുതല്‍ ജയിലിലാണ്.