മനുഷ്യകടത്തിന് പിന്നാലെ അവയവക്കച്ചവടക്കേസ്; ഫയലുകള്‍ പോലീസ് എന്‍ഐ.എക്ക് കൈമാറി

കൊച്ചി: അവയവക്കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസില്‍ അന്വേഷണവിവരങ്ങള്‍ പോലീസ് എന്‍.ഐ.എയ്ക്ക് കൈമാറി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയാല്‍ എന്‍.ഐ.എ കൊച്ചി യൂണിറ്റ് കേസ് ഏറ്റെടുക്കും.

രാജ്യാന്തര ഇടപാടായതിനാല്‍ കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് പോലീസ് നിലപാട്. പ്രതികള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ 20 വൃക്കദാതാക്കളുടെ വിവരങ്ങള്‍ അതത് സംസ്ഥാനങ്ങളിലെ പോലീസിന് കൈമാറി. ഇക്കാര്യവും എന്‍.ഐ.എയെ അറിയിച്ചു. റിമാന്‍ഡിലുള്ള ആന്ധ്രാപ്രദേശ് ബല്ലംകൊണ്ട സ്വദേശി രാംപ്രസാദിന്‍റെ മൊഴിയില്‍ പരാമര്‍ശിക്കുന്ന 20 വൃക്കദാതാക്കളില്‍ പലരെയും കണ്ടെത്താനായില്ല. കര്‍ണാടക, തെലങ്കാന, തമിഴ്നാട് സ്വദേശികളായ ഇവരില്‍ പലരും നാട്ടിലില്ലെന്നാണ് വിവരം. മലയാളിയായ സബിത്ത് നാസര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായതോടെയാണ് രാജ്യാന്തര അവയവക്കച്ചവടവും മനുഷ്യക്കടത്തും ദേശീയശ്രദ്ധയാകര്‍ഷിച്ചത്. കൊച്ചി- കുവൈത്ത്-ഇറാന്‍ റൂട്ടില്‍ മൂന്നുവര്‍ഷമായി സ്ഥിരം യാത്രചെയ്തിരുന്ന സബിത്ത് അവയവക്കച്ചവടത്തിനായി ആളുകളെ വിദേശത്തേക്ക് കടത്തിയെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

കേസ് സി.ബി.ഐക്ക് വിടാന്‍ സംസ്ഥാനസര്‍ക്കാര്‍ ശിപാര്‍ശ ചെയ്യില്ലെന്നാണ് സൂചന. ആരെങ്കിലും ഇക്കാര്യമാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കുകയും കോടതി സര്‍ക്കാര്‍ നിലപാട് ആരായുകയും ചെയ്താല്‍ എതിര്‍ക്കില്ല. പാലക്കാട് സ്വദേശിയും വൃക്കദാതാവുമായ ഷെമീറിനെ കേസില്‍ സാക്ഷിയാക്കും. പ്രധാനപ്രതികളിലൊരാളായ കൊച്ചി സ്വദേശി മധു ഇറാനിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതി രാംപ്രസാദ് മൃതസഞ്ജീവനി മാതൃകയില്‍ ഡേറ്റാ ബേസ് തയാറാക്കി ഇരകളുടെ രക്തപരിശോധനാവിവരങ്ങള്‍ അവയവ റാക്കറ്റിന് കൈമാറുകയായിരുന്നെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.