പി വി അന്‍വറുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്; പിന്നാലെ അവധിയില്‍ പ്രവേശിച്ച് എസ്പി സുജിത്

തിരുവനന്തപുരം: പത്തനംതിട്ട എസ്പി സുജിത് ദാസ് അവധിയില്‍ പ്രവേശിച്ചു. പി വി അന്‍വര്‍ എംഎല്‍എയുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായതിന് പിന്നാലെയാണ് എസ്പി സുജിത് അവധിയില്‍ പ്രവേശിച്ചത്. മൂന്ന് ദിവസത്തേക്കാണ് അവധി. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പി വി അന്‍വര്‍ എംഎല്‍എയോട് എസ്പി ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നതിനാല്‍ അജിത് കുമാര്‍ പോലീസില്‍ സര്‍വശക്തനാണ് എന്ന് സുജിത് ദാസ് അന്‍വര്‍ എംഎല്‍എയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. എല്ലാ ബിസിനസുകാരും അജിത്കുമാറിന്‍റെ സുഹൃദ് വലയത്തിലാണെന്ന് അന്‍വര്‍ പറയുമ്പോള്‍ സുജിത് ദാസ് അത് ശരിവയ്ക്കുന്നുമുണ്ട് ഓഡിയോയില്‍. അതേസമയം, പി വി അന്‍വര്‍ എംഎല്‍എ നടത്തിയ അഴിമതി ആരോപണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്ന് വകുപ്പുതല അന്വേഷണവും നടപടിയും ഉണ്ടായേക്കും എന്നാണ് സൂചന. എഡിജിപിഎം ആര്‍ അജിത്ത് കുമാര്‍, പത്തനംതിട്ട എസ്.പി സുജിത്ത് ദാസ് എന്നിവര്‍ക്കെതിരെ വലിയ സാമ്പത്തിക ആരോപണമാണ് പി വി അന്‍വര്‍ ഉയര്‍ത്തിയത്. അതേസമയം, പിവി അന്‍വര്‍ എംഎല്‍എയുമായുള്ള ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ എഡിജിപിക്കും സുജിത്തിനുമെതിരെ ഡിജിപിക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ട്. വിവാദങ്ങള്‍ക്ക് പിന്നാലെ എഡിജിപിയെ കാണാന്‍ ശ്രമിച്ച എസ്പി സുജിത്തിന് അനുമതി നല്‍കിയിട്ടില്ല. എഡിജിപി എംആര്‍ അജിത്ത് കുമാറിന്‍റെ ഓഫീസില്‍ ഇന്നലെ സുജിത് ദാസ് എത്തിയെങ്കിലും അനുവാദം നല്‍കിയില്ല.

ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭരണ പക്ഷ എംഎല്‍എയുടെ പരസ്യമായ അഴിമതി ആരോപണം സര്‍ക്കാരിനെ പ്രത്യേകിച്ച് ആഭ്യന്തര വകുപ്പിനെ വല്ലാതെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സിപിഎം ജില്ലാ നേതൃത്വം പി വി അന്‍വറിനെ വിളിച്ചുവരുത്തി സംസാരിച്ചെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് അദ്ദേഹം ചെയ്തത്. എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരെ രണ്ട് കോടിയുടെ അഴിമതിയും സുജിത്ത് ദാസ് ഐപിഎസിനെതിരെ പൊലീസ് ക്യാമ്പ് ഓഫീസിലെ മരം മുറിച്ചുകടത്തിയെന്ന ആരോപണവുമാണ് പി വി അന്‍വര്‍ എംഎല്‍എ ഉന്നയിക്കുന്നത്.