മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ടുമരണം; ബോട്ട് രണ്ടായി പിളര്‍ന്നു

പൊന്നാനി: കപ്പലില്‍ ബോട്ടിടിച്ച് രണ്ടുപേരെ കാണാതായ സംഭവത്തില്‍ രണ്ടു മത്സ്യത്തൊഴിലാളികളുടെ മൃതദേഹം തൃശൂരിലെ ഇടക്കഴിയൂര്‍ ഭാഗത്ത് നിന്നും കണ്ടെത്തി. പൊന്നാനി സ്വദേശികളായ ഗഫൂര്‍ (45), അബ്ദുള്‍ സലാം(43) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. തൃശൂരിലെ ഇടക്കഴിയൂര്‍ ഭാഗത്ത് പടിഞ്ഞാറ് കടലില്‍ നിന്നും കണ്ടെത്തിയ മൃതദേഹങ്ങള്‍ സ്വദേശമായ പൊന്നാനിയിലേക്ക് കൊണ്ടുപോകും. ആറു മത്സ്യത്തൊഴിലാളികളുമായി പോയ ഇസ്ളാഹ് എന്ന മത്സ്യബന്ധനബോട്ട് സാഗര്‍ യുവരാജ് എന്ന കപ്പലിലാണ് ഇടിച്ചത്. ചാവക്കാട് മുനമ്പില്‍ നിന്നും 32 എയറോനോട്ടിക്കല്‍ മൈല്‍ അകലെ അപകടയായിരുന്നു അപകടം. ബോട്ട് കപ്പലിന്‍റെ അടിയില്‍ കുരുങ്ങിപ്പോയതായിട്ടാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ ബോട്ട് രണ്ടായി മുറിഞ്ഞ് കടലില്‍ താഴ്ന്നു.

ബോട്ടിലുണ്ടായിരുന്നത് ആറു തൊഴിലാളികളും കടലില്‍ പെട്ടുപോയിരുന്നു. ഇവരില്‍ നാലുപേരെ കപ്പല്‍ ജീവനക്കാര്‍ തന്നെ രക്ഷപ്പെടുത്തിയെങ്കിലും ഗഫൂറിനെയും സലാമിനെയും കണ്ടെത്താനായിരുന്നില്ല. തീരത്തോടു ചേര്‍ന്നാണ് കപ്പല്‍ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു.