കൊച്ചി: വെള്ളമുണ്ട മാവോയിസ്റ്റ് ആക്രമണ കേസില്‍ പ്രതികള്‍ക്ക് എന്‍ഐഎ ശിക്ഷ വിധിച്ചു. ഒന്നാം പ്രതി രൂപേഷിന് പത്ത് വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. മറ്റ് പ്രതികളായ കന്യാകുമാരിക്കും ബാബുവിനും ആറ് വര്‍ഷം തടവ് ശിക്ഷയും അനൂപ് മാത്യുവിന് എട്ട് വര്‍ഷം ശിക്ഷയുമാണ് വിധിച്ചത്. കൊച്ചി എന്‍ഐഎ കോടതിയുടേതാണ് വിധി.
യുഎപിഎ നിയമപ്രകാരം പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. രൂപേഷിനെതിരെ ആയുധ നിയമവും എസ്സി എസ്ടി നിയമവും തെളിഞ്ഞിരുന്നില്ല. കന്യാകുമാരിക്ക് യുഎപിഎ 38 പ്രകാരം മാത്രമാണ് ശിക്ഷ. അനൂപിനെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല. തങ്ങള്‍ക്കെതിരായ കുറ്റം തെളിഞ്ഞത് നിര്‍ഭാഗ്യകരമാണെന്ന് രൂപേഷ് കോടതിയില്‍ പറഞ്ഞിരുന്നു. 2014 ഏപ്രില്‍ 24ന് സിവില്‍ പൊലീസ് ഓഫീസറായ പ്രമോദിന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി വാഹനം കത്തിച്ചെന്നാണ് പ്രതികള്‍ക്കെതിരായ കേസ്. ഉന്നത പൊലീസ് ഉദ്യോദസ്ഥര്‍ക്ക് മാവോയിസ്റ്റുകളെക്കുറിച്ച് വിവരം നല്‍കിയതിനായിരുന്നു പ്രമോദിനെതിരെയുള്ള നീക്കം ഉണ്ടായത്.
വീട്ടുമുറ്റത്തെത്തിയ മാവോയിസ്റ്റ് സംഘം കോളിംഗ്ബെല്‍ അടിച്ചു. ആരാണെന്ന് നോക്കാനായി ജനല്‍ തുറന്നപ്പോള്‍ അഴികള്‍ക്കിടയിലൂടെ പ്രമോദിന്‍റെ കൈയില്‍ പിടിക്കുകയായിരുന്നു. താന്‍ രൂപേഷാണെന്ന് പരിചയപ്പെടുത്തി. പൊലീസുകാരനെയും അമ്മ ജാനകിയെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മുള്‍മുനയില്‍ നിറുത്തിയ മാവോയിസ്റ്റുകള്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കി.
മാവോയിസ്റ്റുകളോട് കളിച്ചാല്‍ കൊല്ലുമെന്ന് തോളില്‍ ഇട്ടിരുന്ന തോക്കില്‍ ചൂണ്ടി ഇവര്‍ പറഞ്ഞു. 15 മിനിട്ടോളം കൈ ബലമായി പിടിച്ചുവച്ച് സംസാരിച്ചു. തോക്കുമായി കൂടുതല്‍ പേര്‍ ഒപ്പമുണ്ടായിരുന്നു. അമ്മ ജാനകിയെക്കൊണ്ട് വീട്ടിലെ ലൈറ്റുകള്‍ ഓഫാക്കിക്കുകയും ഫോണ്‍ ചെയ്യരുതെന്ന് താക്കീത് നല്‍കുകയും ചെയ്തു. പോകുമ്പാള്‍ മുറ്റത്ത് നിറുത്തിയിട്ടിരുന്ന ബൈക്കിന് തീയിടുകയും ചെയ്തു. വധഭീഷണിയുള്ള പോസ്റ്റര്‍ വീടിന്‍റെ ചുവരില്‍ പതിച്ചു. ഇവര്‍ പോയ ഉടന്‍ ജനലിലൂടെ പ്രമോദും അമ്മയും ചേര്‍ന്ന് ബൈക്കിലേക്ക് വെള്ളമൊഴിച്ച് തീയണയ്ക്കുകയായിരുന്നു.
വയനാട് ജില്ലയില്‍ മാവോയിസ്റ്റുകള്‍ നേരിട്ട് അക്രമണത്തിന് മുതിര്‍ന്ന ആദ്യസംഭവമായിരുന്നു ഇത്. 2016ല്‍ ആണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. മാവോയിസ്റ്റ് ആക്രമണത്തില്‍ കേരളത്തില്‍ നിന്ന് എന്‍ഐഎ ഏറ്റെടുത്ത ആദ്യത്തെ കേസായിരുന്നു ഇത്. പിന്നീടും വെള്ളമുണ്ട, തൊണ്ടര്‍നാട് മേഖലകളില്‍ നിരവധി തവണ മാവോയിസ്റ്റ് ആക്രമണമുണ്ടായി. തൊണ്ടര്‍നാട് ചപ്പ വനമേഖലയില്‍ 2014 ഡിസംബറില്‍ തന്നെ മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ട് സേനയ്ക്കുനേരെ വെടിയുതിര്‍ത്തിരുന്നു.