വയനാട് ഒഴിഞ്ഞ് രാഹുല്‍, ഉപതെരഞ്ഞെടുപ്പില്‍ ആദ്യ പോരാട്ടത്തിനായി പ്രിയങ്ക ഗാന്ധി എത്തുന്നു

കല്‍പ്പറ്റ: ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്. പ്രിയങ്ക ഗാന്ധി സഹോദരന്‍ രാഹുല്‍ ഗാന്ധി ഒഴിയുന്ന പശ്ചാത്തലത്തിലാണ് വയനാട്ടില്‍ മത്സരിക്കുന്നത്.

ഇതാദ്യമായാണ് പ്രിയങ്ക ഗാന്ധി ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടിലും റായ്ബറേലിയിലും വിജയിച്ചതോടെയാണ് ഒരു സീറ്റ് ഒഴിയാന്‍ തീരുമാനമായത്. ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് ഉന്നതതല നേതൃയോഗത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ റായ്ബറേലി സീറ്റ് രാഹുല്‍ ഗാന്ധി നിലനിര്‍ത്താനായിരുന്നു തീരുമാനിച്ചത്. പകരം പ്രിയങ്ക ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കാനും യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. തന്‍റെ വസതിയില്‍ നടന്ന യോഗത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് തീരുമാനം അറിയിച്ചത്.

രാഹുലിന് വയനാട്ടിലെ ജനങ്ങളുടെ സ്നേഹം ലഭിച്ചു. ദുഃഖത്തോടെയാണ് വയനാട്ടില്‍ രാജി നല്‍കാന്‍ തീരുമാനിക്കുന്നതെന്നും ഖര്‍ഗെ പറഞ്ഞു. വയനാട്ടിലെ വോട്ടമാര്‍ക്ക് തന്‍റെ ഹൃദയത്തില്‍ നിന്നും നന്ദി അറിയിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തന്‍റെ വാതിലുകള്‍ വയനാട്ടിലെ ജനങ്ങള്‍ക്കായി എന്നും തുറന്നുകിടക്കുമെന്നും വയനാടിന് നല്‍കിയ ഉറപ്പുകള്‍ പാലിക്കുമെന്നും രാഹുല്‍ പ്രതികരിച്ചു. രാഹുലിന്‍റെ അഭാവം തോന്നിക്കാത്ത വിധം പ്രവര്‍ത്തിക്കുമെന്ന് പ്രിയങ്കയും പറഞ്ഞു. പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സീറ്റുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ വിവാദങ്ങള്‍ തടയാനുമാകുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.