മുസ്ലിം വോട്ട് ഏകീകരണം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും-എം.വി.ഗോവിന്ദന്‍

കോഴിക്കോട്: സംസ്ഥാനത്ത് പലയിടത്തും എല്‍ഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് അനുകൂലമായി ചോര്‍ന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ജയവും തോല്‍വിയും ഇടകലര്‍ന്ന് തന്നെയാണ് ഇടതുപക്ഷം മുന്നോട്ട് പോയിട്ടുള്ളതെന്നും ഇപ്രാവശ്യം ഘടകങ്ങള്‍ അനുകൂലമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മലബാറിലെ മുസ്ലിം വോട്ട് ഏകീകരണം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളോട് ഒപ്പം നില്‍ക്കുന്ന നിലപാടാണ് സിപിഎമ്മിന്. അവിശ്വാസികള്‍ക്കൊപ്പവും നില്‍ക്കും. രണ്ടു കൂട്ടര്‍ക്കും ജനാധിപത്യ അവകാശങ്ങള്‍ ഉണ്ട്. വിശ്വാസികള്‍ വര്‍ഗീയവാദികളല്ല. വര്‍ഗീയവാദി വിശ്വാസിയുമല്ല. വര്‍ഗീയതയെ പ്രതിരോധിക്കാന്‍ വിശ്വാസികളാണ് നല്ലത്. ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ കൈകാര്യം ചെയ്യണം. വിശ്വാസത്തെ ഉപകരണമാക്കുന്ന ആര്‍എസ്എസല്ല ആരാധനാലയങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. ഇന്നല്ലെങ്കില്‍ നാളെ വിശ്വാസികളുടെ കൈയ്യില്‍ ആരാധനാലയങ്ങള്‍ വരണമെന്ന് തന്നെയാണ് സിപിഎം നിലപാടെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

കഴിഞ്ഞ തവണ ബിജെപിയെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസ് മാത്രമേയുള്ളൂവെന്ന പ്രചാരണം തിരിച്ചടിയായി. ഇക്കുറി ഇന്ത്യ ബ്ലോക്ക് ജയിക്കണം എന്ന് അടുത്ത സംസ്ഥാനങ്ങളില്‍ സിപിഎം പ്രചാരണം നടത്തി. 52 സീറ്റുകളില്‍ മത്സരിക്കുന്ന സിപിഎമ്മും ചുരുങ്ങിയ സീറ്റുകളില്‍ മത്സരിക്കുന്ന സിപിഐയും ജയിച്ചാല്‍ ഇപ്പോളത്തെ രാഷ്ട്രീയ സാഹചര്യത്തിന് മാറ്റം വരുമോയെന്ന് ന്യൂനപക്ഷങ്ങള്‍ അടക്കം ചിന്തിച്ചു. ഇപ്പോഴത്തെ അപകടത്തെ നേരിടാന്‍ കോണ്‍ഗ്രസാണ് നല്ലതെന്ന് ന്യൂനപക്ഷങ്ങള്‍ ചിന്തിച്ചു. അതാണ് അവര്‍ക്ക് കേരളത്തില്‍ നേട്ടമായതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വടകരയിലും കോഴിക്കോടും അവര്‍ക്ക് (യുഡിഎഫിന്) ഭൂരിപക്ഷം ഒരു ലക്ഷം കടന്നത് എങ്ങനെയാണെന്ന് എം.വി ഗോവിന്ദന്‍ ചോദിച്ചു. പ്രബലമായി പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ വര്‍ഗീയ പ്രസ്ഥാനങ്ങള്‍ മലബാറിലുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ വനിതകള്‍ നന്നായി ജനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരാണ്. അവര്‍ യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. അതാണ് മലബാറില്‍ യുഡിഎഫിന് ഇത്ര നേട്ടമായത്. മുസ്ലിം വോട്ടുകള്‍ ഏകീകരിപ്പിക്കാന്‍ അവര്‍ ഇടപെട്ടു. ഇത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. വര്‍ഗീയ ശക്തികളെ ഏകോപിപ്പിച്ചു മുന്നോട്ട് പോകാന്‍ തന്നെയാണ് ലീഗ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി തൃശൂര്‍ ജയിച്ചതാണ് ഗൗരവമുള്ള കാര്യമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ കോണ്‍ഗ്രസിന്‍റെ 86000 വോട്ട് കാണാനില്ല. ക്രിസ്ത്യാനികളില്‍ ഒരു പങ്ക് പല കാരണങ്ങള്‍ കൊണ്ട് ബിജെപിക്ക് അനുകൂലമായി. ക്രിസ്ത്യന്‍ വോട്ട് ഭൂരിഭാഗവും യുഡിഎഫിന് അനുകൂലമായാണ് ഉണ്ടാവാറുള്ളത്. എല്‍ഡിഎഫ് വോട്ടും ചോര്‍ന്നു. പരമ്പരഗത വോട്ടുകളാണ് ചോര്‍ന്നത്. കേരളത്തില്‍ എല്‍.ഡി.എഫ് വോട്ടുകള്‍ പലയിടത്തും ചോര്‍ന്നത് ബിജെപിക്ക് അനുകൂലമായാണ്. പരമ്പരാഗത വോട്ടുകളടക്കം ചോര്‍ന്നു. കുറച്ച് വോട്ട് യു.ഡി.എഫിലേക്കും പോയി. പിണറായിയെ രാഷ്ട്രീയ ലക്ഷ്യം വെച്ച് വേട്ടയാടുകയാണെന്ന് പറഞ്ഞ എം.വി ഗോവിന്ദന്‍, അതിനെ പ്രതിരോധിക്കുമെന്നും പറഞ്ഞു. കമ്പനികള്‍ തമ്മിലുള്ള കേസുകള്‍ കമ്പനി നോക്കട്ടെ. പിണറായിക്കെതിരെ ഒരു കേസ് പോലും ഇപ്പോള്‍ ഇല്ല. സഖാക്കള്‍ തിരുത്തലുകള്‍ വരുത്തണം. മുതലാളിത്ത സമൂഹത്തിന്‍റെ ജീര്‍ണ്ണത സിപിഎം പ്രവര്‍ത്തകരിലേക്ക് അരിച്ചരിച്ചു വരാന്‍ സാധ്യത ഉണ്ട്, ഫലപ്രദമയ ശുദ്ധീകരണം നടത്തണം. ഫലപ്രദമായ ഇടപെടലുകള്‍ വേണം. അടിസ്ഥാന ജന വിഭാഗങ്ങള്‍ക്ക് അതൃപ്തി ഉണ്ടാക്കിയ എല്ലാ നടപടികളും തിരുത്തണം. സര്‍ക്കാര്‍ മുന്‍ഗണന തീരുമാനിക്കണം. മുന്‍ഗണന എന്തിനാണെന്ന് തീരുമാനിച്ച് നടപ്പാക്കണം. പെന്‍ഷന്‍ നല്‍കണം. ആനുകൂല്യങ്ങള്‍ നല്‍കണം. കുടിശിക ഉള്‍പ്പടെ കൊടുത്തു തീര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.