പൊതുതാല്‍പ്പര്യ ഹരജി ഫയല്‍ ചെയ്ത കാഞ്ഞങ്ങാട്ടെ വക്കീലിന് കിട്ടിയത് മുട്ടന്‍പണി

കാഞ്ഞങ്ങാട്: വയനാട് ദുരന്തത്തില്‍ കേരള ജനത ഒന്നാകെ കൈകൂപ്പി വിറങ്ങലിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ഒന്ന് ആളാവാന്‍ വേണ്ടി കേരള ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹരജി ഫയല്‍ ചെയ്ത നടനും ഹോസ്ദുര്‍ഗ് കോടതിയിലെ അഭിഭാഷകനുമായ സി.ഷുക്കൂറിന് കിട്ടിയത് മുട്ടന്‍പണി.

വയനാട് ദുരന്തത്തില്‍ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസഹായ സമാഹരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് അടുത്തകാലത്ത് മുസ്ലീംലീഗില്‍ നിന്നും സിപിഎമ്മിലേക്ക് കാലുമാറ്റം നടത്തിയ ഷുക്കൂര്‍ കേരള ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹരജി ഫയല്‍ചെയ്തത്. പബ്ലിസിറ്റിക്ക് വേണ്ടി ഫയല്‍ചെയ്ത ഹരജിയാണ് ഇതെന്നും ഹരജിയില്‍ കഴമ്പില്ലെന്നും അഭിപ്രായപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ബഞ്ച് വയനാട് ദുരന്തത്തില്‍ ഷുക്കൂര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കാല്‍ലക്ഷം രൂപ സംഭാവന നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു. ഇതിന് മുമ്പ് നടന്ന ദുരന്തങ്ങള്‍ക്ക് വേണ്ടി സമാഹരിച്ച ഫണ്ട് ദുരുപയോഗം ചെയ്തത് സംബന്ധിച്ച് ഹരജിയില്‍ ഒരുസംഭവവും ചൂണ്ടികാട്ടിയിരുന്നില്ല. ഇതുസംബന്ധിച്ച് പോലീസിലോ ജില്ലാ ഭരണകൂടത്തിനോ പരാതിയും നല്‍കിയില്ല. ഇതൊന്നുമില്ലാതെയാണ് നേരെ കേരള ഹൈക്കോടതിയില്‍ ഷുക്കൂര്‍ പൊതുതാല്‍പ്പര്യ ഹരജി ഫയല്‍ചെയ്തത്.

സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പുറമെ സംഘടനകളും ഫണ്ട് ശേഖരിക്കുന്നുണ്ട്. ഇതിനെല്ലാം നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് ഫയല്‍ചെയ്ത ഹരജി ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് വി.എം.ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ചാണ് തള്ളിയത്. ഹൈക്കോടതിയുടെ സമയം വെറുതെ നഷ്ടപ്പെടുത്തുന്നതില്‍ കോടതി അതൃപ്തിരേഖപ്പെടുത്തി. പബ്ലിസിറ്റി ഏറെ ഇഷ്ടപ്പെടുന്ന സി.ഷുക്കൂര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ചെറുവത്തൂര്‍ കാടങ്കോട് സ്വദേശിയാണ്. മഹാത്മ യൂണിവേഴ്‌സിറ്റി പ്രൊ.വൈസ് ചാ ന്‍സിലറായിരുന്ന ഷീനയുടെ ഭര്‍ത്താവുകൂടിയാണ് സി.ഷുക്കൂര്‍.