പിണറായി വിരുദ്ധ ചേരി വീണ്ടും ഉണര്‍ന്നു; പാര്‍ട്ടി പിടിക്കാന്‍ ബേബി-ഐസക്ക് പടയൊരുക്കം

കൊച്ചി: പാര്‍ട്ടിക്കുള്ളില്‍ വി.എസ് അച്യുതാനന്ദന്‍ ഉയര്‍ത്തിയ ഉള്‍പ്പാര്‍ട്ടി വിപ്ലവത്തിന്‍റെ ചുവടുപിടിച്ച് തോമസ് ഐസക്കും എം.എ.ബേബിയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിവച്ച പിണറായി വിരുദ്ധ ചേരി വീണ്ടും ഉണര്‍ന്നെഴുന്നേല്‍ക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പിന്നാലെ ചേരുന്ന വിവിധ ഘടക സമ്മേളനങ്ങളിലാണ് പഴയ വി. എസ് ഗ്രൂപ്പിന്‍റെ പോരാട്ട മുഖം പുറത്തുവരുന്നത്.

എം.എ.ബേബി ഒരു അച്ചടിമാധ്യമ അഭിമുഖത്തിലാണ് സി.പി.എമ്മിലെ സംഘടനാ ദൗര്‍ബല്യങ്ങള്‍ തുറന്നു പറഞ്ഞതെങ്കില്‍ തോമസ് ഐസക്ക് ഏതാനും ദിവസം മുമ്പ് കടുത്ത പാര്‍ട്ടി വിമര്‍ശനം നടത്തിയത് ഒരു യുട്യൂബ് ചാനല്‍വഴിയാണ്. വി.എസിന്‍റെ സുവര്‍ണ കാലത്ത് നവ ലിബറല്‍ ആശയങ്ങള്‍ എന്ന പേരില്‍ പാര്‍ട്ടിയില്‍ സമാന്തരമായി കലാപ ശബ്ദമുയര്‍ത്തിയ ഈ നേതാക്കള്‍ കുറെക്കാലമായി നിശബ്ദരായിരുന്നു. തുടര്‍ഭരണത്തോടെ ഏറെ കരുത്തനായ പിണറായി വിജയനെ തുറന്ന് എതിര്‍ക്കാന്‍ ഇരുവരും മടിച്ചിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇപ്പോഴും മേല്‍ക്കൈയുള്ള പിണറായിക്കെതിരെയുള്ള തുറന്നെതിര്‍പ്പിന് ഇപ്പോള്‍ കളമൊരുങ്ങിയതായി ഈ നേതാക്കള്‍ കരുതുന്നു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ പല ജില്ലകളിലും മുഖ്യമന്ത്രിയെ സ്വന്തം ചേരിയില്‍ നിന്നുതന്നെയുള്ള നേതാക്കള്‍ റിപ്പോര്‍ട്ടിംഗിനിടെ വിമര്‍ശിച്ചത് പുതിയ നീക്കത്തിന് കരുത്തായി ഇവര്‍ കരുതുന്നു. സംഘടന പിടിച്ചെടുക്കാന്‍ സെപ്റ്റംബര്‍ മുതല്‍ തുടങ്ങുന്ന ഘടക സമ്മേളനങ്ങള്‍ വേദിയാക്കാനാണ് തുറന്നുപറച്ചില്‍ ലക്ഷ്യം വയ്ക്കുന്നത്.

തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ ബേബി-ഐസക് കൂട്ടുകെട്ടിന് കൂടുതല്‍ സ്വാധീനമുണ്ട്. മലബാര്‍ മേഖലയില്‍ പി.ജയരാജനും എളമരം കരീമും പി.കെ.ശ്രീമതിയുമടക്കമുള്ള നേതാക്കളുണ്ട്. തിരുവനന്തപുരത്ത് കടകംപള്ളിയും എന്‍. ശിവന്‍കുട്ടിയും മുന്‍ മേയര്‍ ജയന്‍ ബാബുവും കൊല്ലത്ത് പി.കെ.ഗുരുദാസനും പത്തനംതിട്ടയില്‍ രാജു എബ്രഹാമും ആലപ്പുഴയില്‍ ജി. സുധാകരനും യു .പ്രതിഭയും എറണാകുളത്ത് മുന്‍ മേയര്‍ സി.എം. ദിനേശ് മണിയും തൃശൂരില്‍ എം.എം. വര്‍ഗീസുമുള്‍പ്പെടെ മുന്‍നിര നേതാക്കള്‍ ഈ ചേരിക്കൊപ്പം ചായും. തുടര്‍ഭരണത്തേക്കാള്‍, സംഘടന പിടിച്ചടക്കല്‍ പ്രധാന ചുവടുവയ്പായി ഇവര്‍ കാണുന്നു. പിണറായിയെ പ്രതിരോധിച്ച് എ.കെ.ബാലന്‍ നയിക്കുന്ന കണ്ണൂര്‍ പാര്‍ട്ടിയാണ് സമ്മേളനങ്ങളില്‍ ഇവര്‍ക്കു മുന്നിലെ പ്രധാന വെല്ലുവിളി. തെറ്റുതിരുത്തല്‍ മുദ്രാവാക്യവും ബംഗാളിലെ സി.പി.എമ്മിന്‍റെ ചിത്രം ചൂണ്ടിക്കാണിക്കലും വഴി ലക്ഷ്യമിടുന്നത് പിണറായി വിജയനെത്തന്നെ.