കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണാ വിജയന്‍റെ കമ്പനിയായ എക്സാലോജിക് സൊലൂഷന്‍സിനെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിപ്പട്ടിക തയാറാക്കി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി.).
കരിമണല്‍ ഖനനരംഗത്തുള്ള സ്വകാര്യ കമ്പനി ഒന്നാം പ്രതിയും കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ രണ്ടാം പ്രതിയും കമ്പനി സീനിയര്‍ മാനേജര്‍ മൂന്നാം പ്രതിയും സീനിയര്‍ ഓഫീസര്‍ നാലാം പ്രതിയും എക്സാലോജിക് സൊലൂഷന്‍സ് അഞ്ചാംപ്രതിയും വീണാ വിജയന്‍ ആറാം പ്രതിയുമാകുമെന്നാണ് സൂചന. ഇതില്‍ ആദ്യ നാലു പ്രതികളുടെ ചോദ്യംചെയ്യല്‍ നടന്നു.
ഇടപാടില്‍ ക്രിമിനല്‍ കുറ്റം നടന്നിട്ടുണ്ടോ എന്നാണു ഇ.ഡി. ഈ ഘട്ടത്തില്‍ പരിശോധിക്കുന്നത്. കരിമണല്‍ കമ്പനിയിലെ കൂടുതല്‍ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുന്നുണ്ട്. ക്രൈം നടന്നിട്ടുണ്ടെന്നു തെളിഞ്ഞാല്‍, വൈകാതെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേയ്ക്കു ഇ.ഡി. കടക്കും. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്‍റെ (എസ്.എഫ്.ഐ.ഒ.). പ്രോസിക്യൂഷന്‍ കംപ്ലെയിന്‍റിന്‍റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എക്സാലോജിക്കും കരിമണല്‍ഖനന കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്.
എക്സാലോജിക്കിനു കൈമാറിയിട്ടുള്ള തുകകള്‍ സംബന്ധിച്ചു തൃപ്തികരമായ വിശദീകരണം ലഭിക്കാത്തതിനാല്‍ കള്ളപ്പണ ഇടപാടായാണ് ഇ.ഡി കണക്കിലെടുക്കുന്നത്. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ ഉള്‍പ്പെടെയുള്ളവര്‍ക്ക് അന്വേഷണസംഘം നോട്ടീസ് നല്‍കാനൊരുങ്ങുകയാണ്. നോട്ടീസ് നല്‍കി ചോദ്യംചെയ്യല്‍ വൈകുമെന്നതിനാല്‍, വീണയെ വീട്ടിലെത്തി ചോദ്യംചെയ്യുന്നതും ഇ.ഡി. ആലോചിക്കുന്നു. ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഹാജരാകാന്‍ കഴിയില്ലെന്ന് കോടതിയെ അറിയിച്ചെങ്കിലും, സ്വകാര്യ കമ്പനി മാനേജിങ് ഡയറക്ടറെ ഇ.ഡി. സംഘം വീട്ടിലെത്തി ചോദ്യംചെയ്യുകയായിരുന്നു. സംസ്ഥാന വ്യവസായവികസന വകുപ്പ് ഉദ്യോഗസ്ഥര്‍, രജിസ്ട്രാര്‍ ഓഫ് കമ്പനി ഉദ്യോഗസ്ഥര്‍ എന്നിവരെയും ഇ.ഡി. മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തും. അതേസമയം, പ്രതികളാകാന്‍ സാധ്യതയുള്ളവര്‍ അറസ്റ്റ് ഒഴിവാക്കാന്‍ നീക്കം തുടങ്ങി. സേവനത്തിന്‍റെ പേരില്‍ ഒരു കോടി 72 ലക്ഷം രൂപ നല്‍കിയതു കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്‍റെ പരിധിയില്‍ വരില്ലെന്നാണ് ഇവര്‍ക്ക് ലഭിച്ച നിയമോപദേശം. നിയമപ്രകാരമേ കേസ് രജിസ്റ്റര്‍ ചെയ്യാവൂ. അതിനാല്‍, കേസ് നിയമപരമായി നിലനില്‍ക്കില്ല. പോലീസോ വിജിലന്‍സോ ആണ് അന്വേഷിക്കേണ്ടത്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ പരിഗണനയിലുമാണ്.
മാത്രമല്ല, പി.എം.എല്‍ ആക്ടിലെ ഷെഡ്യൂള്‍ കുറ്റകൃത്യങ്ങളില്‍ ഇതു വരുന്നില്ല. കുറ്റകൃത്യത്തില്‍ നിന്ന് കക്ഷികള്‍ എന്തെങ്കിലും സമ്പാദിച്ചതായി തെളിഞ്ഞാലേ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്‍റെ പരിധിയില്‍ വരൂ. ഈ കേസില്‍ അതില്ല. രണ്ടു കമ്പനികള്‍ തമ്മിലുള്ള ഇടപാടില്‍ പി.എം. എല്‍. ആക്റ്റിലെ ഷെഡ്യൂള്‍ പ്രകാരമുള്ള ക്രിമിനല്‍ കുറ്റം കണ്ടെത്തിയിട്ടില്ല. ക്രൈം അന്വേഷിക്കേണ്ടത് ഇ.ഡിയല്ല, മറ്റ് ഏജന്‍സികളാണ്. അവരുടെ എഫ്.ഐ.ആറിന്‍റെ അടിസ്ഥാനത്തിലേ, ഇ.ഡിയ്ക്കു അന്വേഷണം നടത്താനാവൂ. എസ്.എഫ്.ഐ. ഒ. റിപ്പോര്‍ട്ട് ഇപ്രകാരമുള്ള ക്രിമിനല്‍ എഫ്.ഐ.ആര്‍. അല്ലെന്നാണ് കുറ്റാരോപിതര്‍ക്ക് കിട്ടിയിട്ടുള്ള നിയമോപദേശം. മാത്രമല്ല, തെരഞ്ഞെടുപ്പായതിനാല്‍, രാഷ്ട്രീയ ലക്ഷ്യം വച്ചാണു ഇ.ഡി. കേസെടുത്തതെന്നും പ്രതികള്‍ക്ക് വാദിക്കാനാവും.