തൃശ്ശൂര്‍: തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സി.പി.എമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ്. ഈ രഹസ്യ അക്കൗണ്ടുകളുടെ വിവരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, തിരഞ്ഞെടുപ്പ് കമ്മീഷന്‍, ധനകാര്യ മന്ത്രാലയം എന്നിവയ്ക്ക് ഇ.ഡി കൈമാറി. തൃശ്ശൂര്‍ ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിലുള്ള പാര്‍ട്ടിയുടെ 25 അക്കൗണ്ട് വിവരങ്ങള്‍ സി.പി. എമ്മിന്റെ വാര്‍ഷിക ഓഡിറ്റ് സ്റ്റേറ്റ്‌മെന്റില്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ കത്തില്‍ ഇ.ഡി ആരോപിച്ചിട്ടുണ്ട്.
ജനുവരി 16-ന് തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിലാണ് കരുവന്നൂര്‍ സഹകരണ ബാങ്കിലെ അഞ്ച് രഹസ്യ അക്കൗണ്ടുകളെ സംബന്ധിച്ച് ഇഡി വിശദീകരിച്ചിരിക്കുന്നത്. നിയമ വിരുദ്ധമായിട്ടാണ് ഈ അക്കൗണ്ടുകള്‍ ആരംഭിച്ചതെന്നാണ് ഇ.ഡി യുടെ ആരോപണം. കേരള സഹകരണ സൊസൈറ്റിയുടെ നിയമവും ചട്ടങ്ങളും പ്രകാരം അക്കൗണ്ടുകള്‍ തുറക്കണമെങ്കില്‍, സൊസൈറ്റിയില്‍ അംഗത്വമെടുക്കണം. എന്നാല്‍ സി.പി. എം കരുവന്നൂര്‍ സൊസൈറ്റിയില്‍ അംഗത്വം എടുത്തിട്ടില്ലെന്നാണ് ഇ.ഡി യുടെ കണ്ടെത്തല്‍. പാര്‍ട്ടി ഓഫീസുകള്‍ക്ക് സ്ഥലം വാങ്ങാനും, പാര്‍ട്ടി ഫണ്ട്, ലെവി എന്നിവ പിരിക്കാനും ആണ് ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ചത് എന്നാണ് ഇ.ഡി കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
തൃശ്ശൂര്‍ ജില്ലയില്‍ മാത്രം 17 ഏരിയ കമ്മിറ്റികളുടെ പേരില്‍ 25 അക്കൗണ്ടുകള്‍ വിവിധ സഹകരണ ബാങ്കുകളില്‍ പാര്‍ട്ടിക്കുണ്ടെന്നാണ് ഇഡി പറയുന്നത്. എന്നാല്‍ ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാര്‍ട്ടിയുടെ 2023 മാര്‍ച്ചില്‍ സമര്‍പ്പിച്ച ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റില്‍ കാണിച്ചിട്ടില്ല. പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെയും, സംസ്ഥാന കമ്മിറ്റിയുടെയും കണക്കുകള്‍ മാത്രമാണ് ബാലന്‍സ് ഷീറ്റില്‍ ഉള്ളത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗരേഖ പ്രകാരവും ജനപ്രാതിനിധ്യ നിയമത്തില്‍ ചട്ടങ്ങള്‍ പ്രകാരവും പാര്‍ട്ടിയുടെ എല്ലാ അക്കൗണ്ടുകളും, അതിലെ കണക്കുകളും വെളിപ്പെടുത്തേണ്ടതാണ്. സഹകരണ ബാങ്കുകളിലെ കണക്കുകള്‍ വെളിപ്പെടുത്തത്തത് മാര്‍ഗരേഖയുടെയും ചട്ടങ്ങളുടെയും ലംഘനമാണോ എന്ന് പരിശോധിക്കണമെന്നും ഇഡി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.സി മൊയ്തീന്റെ നിര്‍ദേശപ്രകാരം വ്യാപകമായി ബിനാമി ലോണുകള്‍ നല്‍കിയെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. സാധാരണ പാര്‍ട്ടി അംഗങ്ങളുടെ വസ്തുക്കള്‍ ഈടുവെച്ച് അവര്‍ അറിയാതെ പണം കൈമാറ്റം ചെയ്തു. ഒരേ വസ്തു ഈടുവെച്ച് വ്യത്യസ്ത ലോണുകളാണ് നല്‍കിയത്. അതുപോലെ വസ്തു വില പെരുപ്പിച്ചുകാണിച്ചാണ് ലോണുകള്‍ നല്‍കിയതെന്നും ഇ.ഡി ആരോപിക്കുന്നു.