വി.എം.ദാമോദരന്‍ മാസ്റ്റര്‍ അന്തരിച്ചു

പയ്യന്നൂര്‍: മുന്‍ കായിക അധ്യാപകനും റിട്ട.യൂത്ത് വെല്‍ഫെയര്‍ ഓഫീസറും അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയം പ്രസിഡണ്ടുമായ വി.എം.ദാമോദരന്‍ മാസ്റ്റര്‍ (84)അന്തരിച്ചു.

വി. എം.ദാമോദരന്‍ മാസ്റ്റര്‍ പയ്യന്നൂരിന്‍റെ കായിക ചരിത്രത്തിന്‍റെ സഹയാത്രികനാണ്. കാറമേല്‍ എ എല്‍ പി.സ്കൂളിലും അന്നൂര്‍ യു.പി.സ്കൂളിലും പയ്യന്നൂര്‍ ഗവ: ഹൈസ്കൂളിലുമായി വിദ്യാഭ്യാസം. വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ ഫുട്ബോളിലും, കബഡിയിലും സ്കൂള്‍ ടീമിലിടം നേടി ജില്ലാതല മത്സരങ്ങളില്‍ പങ്കെടുത്തു. കളിയിലുള്ള കമ്പം കാരണം കോഴിക്കോട് ദേവഗിരി കോളേജിലെ പ്രീഡിഗ്രി പഠനത്തിനുശേഷം കോഴിക്കോട് ഗവ: ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജില്‍ ചേര്‍ന്നു കായിക അദ്ധ്യാപക പരിശീലനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് 1964 ല്‍ കേന്ദ്ര സ്പോര്‍ട്സ് യുവജനക്ഷേമ മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന നേഷണല്‍ ഡിസിപ്ലിന്‍ സ്കീമില്‍ സെലക്ഷന്‍ നേടി ജയ്പൂരിനടുത്ത സരിസ്കയില്‍ ഒരു വര്‍ഷത്തെ കോഴ്സ് പൂര്‍ത്തിയാക്കി, എന്‍ഡിഎസ് അധ്യാപകനായി തിരുവല്ലക്കടുത്ത കവിയൂര്‍ എന്‍എസ്എസ് ഹൈസ്കൂളിലും തുടര്‍ന്ന് ന്യൂ മാഹി എം.എം ഹൈസ്കൂളിലും മാടായി ഗവ: ഹൈ സ്കൂളിലും പയ്യന്നൂര്‍ ഹൈസ്കൂളിലും കായിക അദ്ധ്യാപകനായി ജോലി ചെയ്തു. അവിഭക്ത കണ്ണൂര്‍ ജില്ലയിലെ സ്കൂള്‍ കായിക മത്സരങ്ങളുടെ മികച്ച സംഘാടകനായിരുന്നു അദ്ദേഹം. വോളിബോള്‍, ഹാന്‍ഡ് ബോള്‍, നീന്തല്‍, വാട്ടര്‍ പോളോ, കബഡി എന്നിവ പരിശീലിപ്പിക്കാന്‍ കേരള സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ കീഴില്‍ രൂപീകരിച്ച റൂറല്‍ കോച്ചിംഗ് സെന്‍ററിന്‍റെ ഓര്‍ഗനൈസറായി 10 വര്‍ഷത്തോളം തുടര്‍ന്നു. 1976 ല്‍ മീറ്റില്‍ നടന്ന ദേശീയ കായിക മേളയില്‍ വിജയം നേടിയ കബഡി, ഖൊ ഖൊ ടീം മാനേജരായിരുന്നു. 1987 ലും 2015 ലും കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിന്‍റെ സംഘാടക സമിതിയിലും സജീവമായി രംഗത്തുണ്ടായിരുന്നു. കാസര്‍കോട് വിദ്യാഭ്യാസ ജില്ല സ്കൂള്‍ ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറി, കണ്ണൂര്‍ ജില്ല കബഡി അസോസിയേഷന്‍ സെക്രട്ടറി, കേരള കബഡി അസോസിയേഷന്‍ ട്രഷറര്‍, കണ്ണൂര്‍ ജില്ല ടെന്നി കോയ്, മൗണ്ട നേയറിംഗ് അസോസിയേഷനുകൂടെ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. കണ്ണൂര്‍ ജില്ല അത്ലറ്റിക് അസോസിയേഷന്‍, വോളിബോള്‍ അസോസിയേഷന്‍, ഫുട്ബോള്‍ അസോസിയേഷന്‍, കബഡി അസോസിയേഷന്‍ എന്നിവയുടെ ജില്ല ഭാരവാഹിയാണ്.

ഭാര്യ: വണ്ണാടിന്‍ സരോജിനി. മക്കള്‍: വി.ബിന്ദു (ടീച്ചര്‍ എടച്ചാക്കൈ എ എല്‍ പി സ്കൂള്‍), വി.ഇന്ദുകല (കാനഡ) മരുമക്കള്‍: ടി.സിവി. മനോജ് (ഗള്‍ഫ്), റെജി നായര്‍ (കാനഡ). സഹോദരങ്ങള്‍: വി.എം.നാരായണന്‍ (തായിനേരി), വി.എം.നാരായണി (തായിനേരി), വി.എം.ശാന്ത (തിമിരി), പരേതനായ വി.എം.പത്മനാഭന്‍.