80 കാരനെ വധിക്കാന്‍ ശ്രമിച്ച മരുമകന്‍ അറസ്റ്റില്‍

അമ്പലത്തറ : 80 കാരനെ അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മരുമകന്‍ അറസ്റ്റില്‍. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയും പുല്ലൂര്‍ -പെരിയ ഗ്രാമപഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ അമ്പലത്തറ നിലാംകാവിലെ എന്‍.കൃഷ്ണനെ (80) വധിക്കാന്‍ ശ്രമിച്ച കേസില്‍ കൊലക്കേസ് പ്രതിയായ അമ്പലത്തറ നിലാംകാവിലെ എന്‍.സുരേഷ്ബാബു എന്ന സോഡാ സുരേഷിനെയാണ് അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 9ന് കൃഷ്ണന്‍റെ പറമ്പിലൂടെയുള്ള റോഡില്‍ വെച്ച് മരവടികൊണ്ട് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് കേസ്. കൃഷ്ണന്‍റെ പറമ്പിലെ മരം മുറിച്ചു കടത്തുകയായിരുന്ന ജോലിക്കാരെ പ്രതി ചീത്ത വിളിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 2003 ജൂണ്‍ 23ന് അമ്പലത്തറ പോസ്റ്റ് ഓഫീസില്‍ വെച്ച് പോസ്റ്റ്മാനും ആര്‍എസ്എസ് കാര്യവാഹമായിരുന്ന വാഴക്കോട് ശിവജി നഗറിലെ പി.വി.ദാമോദരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ് സി പി എം പ്രവര്‍ത്തകനായ സുരേഷ്.