അമ്മയും കുഞ്ഞും മരിച്ച സംഭവം: പത്മ ആശുപത്രിയിലേക്ക് ബഹുജന മാര്‍ച്ച്

കാഞ്ഞങ്ങാട് : പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നോര്‍ത്ത് കോട്ടച്ചേരി പത്മപോളിക്ലിനിക്കിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. ജനകീയ മുന്നണിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. കഴിഞ്ഞയാഴ്ച ഇവിടെ പ്രസവത്തെ തുടര്‍ന്ന് ചേറ്റുകുണ്ടിലെ ഗള്‍ഫുകാരന്‍ സാഗറിന്‍റെ ഭാര്യയും നീലേശ്വരം നാഗച്ചേരിയിലെ ബാലകൃഷ്ണന്‍-രാജീവി ദമ്പതികളുടെ മകളുമായ ദീപയും(36) നവജാതശിശുവും മരണപ്പെട്ടിരുന്നു. ഡോക്ടറുടെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് നാട്ടുകാര്‍ ഇന്ന് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തിയത്. അതിഞ്ഞാല്‍ മന്‍സൂര്‍ ആശുപത്രി പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ച് കോട്ടച്ചേരി ട്രാഫിക് സര്‍ക്കിള്‍ ചുറ്റി പത്മ ആശുപത്രിക്ക് മുമ്പില്‍ ധര്‍ണ്ണ നടത്തിയാണ് പിരിഞ്ഞത്.

മാര്‍ച്ചും ധര്‍ണ്ണയും പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരന്‍ ഉദ്ഘാടനം ചെയ്തു. പതിനഞ്ചാം വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ നസീം വഹാബ് അധ്യക്ഷം വഹിച്ചു. ദിവാകരന്‍ കരിച്ചേരി, സുകുമാരന്‍ പൂച്ചക്കാട്, സത്യന്‍ പൂച്ചക്കാട്, സദാശിവന്‍ പരവനടുക്കം, അബ്ദുള്‍ റഹ്മാന്‍ ദാവൂദ് മൊഹല്ല എന്നിവര്‍ പ്രസംഗിച്ചു. പ്രീതി വിജയന്‍, സതീഷ് കാവടി, കുഞ്ഞമ്പു വാഴവളപ്പ്, സുകുമാരന്‍ കടപ്പുറം, പുരുഷോത്തമന്‍ കല്ലടകെട്ട് എന്നിവര്‍ നേതൃത്വം നല്‍കി.