കരുവഞ്ചാല്‍: വിഖ്യാത ബൈബിള്‍ പണ്ഡിതന്‍ ഡോ. ഫാ. മൈക്കിള്‍ കാരിമറ്റം (83) നിര്യാതനായി. ഇന്ന് രാവിലെ 6.30 ന് കരുവഞ്ചാലിലെ പ്രീസ്റ്റ് ഹോമിലായിരുന്നു അന്ത്യം. കുറച്ചുനാളായി തലച്ചോറിലെ രക്തസ്രാവത്തിന് ചികിത്സയിലായിരുന്നു. റവ. ഡോ. മൈക്കിള്‍ കരിമറ്റം, ദൈവവചനത്തെക്കുറിച്ചുള്ള വിശ്വാസികളുടെ അറിവു വര്‍ദ്ധിപ്പിക്കുന്നതിനായി തന്‍റെ ജീവിതം പൂര്‍ണ്ണമായും സമര്‍പ്പിച്ചു. കോഴിക്കോട് ജില്ലയിലെ കുളത്തുവയലിനടുത്ത് നരിനടയില്‍ 1942 ഓഗസ്റ്റ് 11 ന് ജനിച്ച കാരിമറ്റത്തിലച്ചന്‍ 1968 ല്‍ പുരോഹിതനായി അഭിഷിക്തനായി. ഡോ.കരിമറ്റത്തിന്‍റെ വിശുദ്ധ ദൈവശാസ്ത്ര യാത്രയില്‍, റോമിലെ പൊന്തിഫിക്കല്‍ അര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും റോമിലെ പൊന്തിഫിക്കല്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബൈബിള്‍ പഠനത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. ചെമ്പേരി, ലൂര്‍ദ് മാതാവിന്‍റെ പള്ളിയില്‍ അസിസ്റ്റന്‍റ് വികാരിയായി സേവനം ആരംഭിച്ചു. കെ.സി. ബി.സിയുടെ നേതൃത്വത്തില്‍ ബൈബിള്‍ വിവര്‍ത്തനം നടന്നപ്പോള്‍ (1980 -82) അതിന്‍റെ മുഖ്യ ചുമതലക്കാരിലൊരാളായി. പ്രസിദ്ധമായ പിഒസി ബൈബിളിന്‍റെ മുഖ്യ എഡിറ്റര്‍മാരിലൊരാളായി അദ്ദേഹം അറിയപ്പെടും. തലശ്ശേരി രൂപതയുടെ ബൈബിള്‍ അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ എന്ന ചുമതലയില്‍ 1982 ജൂണ്‍ 22 മുതല്‍ 1998 ജൂണ്‍ 18 വരെ അദ്ദേഹം ചെയ്ത സേവനങ്ങള്‍ സമാനതകളില്ലാത്തതാണ്. ചാലക്കുടി ഡിവൈന്‍ ബൈബിള്‍ കോളേജില്‍ ബൈബിള്‍ പ്രൊഫസര്‍, മേരിമാത മേജര്‍ സെമിനാരിയിലെ ബൈബിള്‍ പ്രൊഫസര്‍ എന്നീ നിലകളിലും തിളങ്ങി. 2017 ല്‍ വിരമിച്ച ശേഷവും തലശ്ശേരി രൂപതാ പ്രീസ്റ്റ് ഹോമായ കരുവഞ്ചാലിലെ ശാന്തിഭവനില്‍ താമസിച്ചുകൊണ്ട് പ്രഭാഷണങ്ങളും എഴുത്തുമായി സജീവമായിരുന്നു. ബൈബിള്‍ വചനങ്ങള്‍ പങ്കുവയ്ക്കുന്നതിലും പഠിപ്പിക്കുന്നതിലും അദ്ദേഹം നല്‍കിയ ശ്രദ്ധേയമായ സംഭാവനകളെ മാനിച്ച്, സീറോമലബാര്‍ കത്തോലിക്കാ സഭ അദ്ദേഹത്തിന് മല്‍പാന്‍ പദവി നല്‍കി ആദരിച്ചു. നൂറിലധികം പുസ്തകങ്ങള്‍ കാരിമറ്റത്തിലച്ചന്‍റെതായുണ്ട്. 16 ഭാഷകളിലായി അമ്പതു പുസ്തകങ്ങളിലൂടെബൈബിള്‍ ചിത്രകഥാരൂപത്തില്‍ അവതരിപ്പിച്ചു ലോകശ്രദ്ധ നേടി. രണ്ടായിരത്തിലധികം ടെലിവിഷന്‍ ബൈബിള്‍ പ്രഭാഷണങ്ങള്‍ ക്രൈസ്തവ ജീവിതത്തിലനുവര്‍ത്തിക്കേണ്ട നിലപാടുകളുടെ ആഹ്വാനമായിരുന്നു. സെമിനാറുകളും പ്രഭാഷണങ്ങളുമായി ആയിരക്കണക്കിന് വേദികളില്‍ അദ്ദേഹമെത്തി. എണ്‍പതുകളില്‍ വിമോചന ദൈവശാസ്ത്രത്തെ ഏറ്റവും ശക്തമായ ഭാഷയില്‍ അവതരിപ്പിച്ചത് ഡോ. മൈക്കിള്‍ കാരിമറ്റം ആയിരുന്നു. ഗുസ്താവോ ഗുട്ടിയറസും കമിലോ ടോറസും പോലുള്ള വിഖ്യാത വിമോചന ദൈവശാസ്ത്രജ്ഞര്‍ മലയാളികള്‍ക്ക് കരുത്തോടെ പരിചയപ്പെടുത്തിയത് മൈക്കിളച്ചനായിരുന്നു. അദ്ദേഹത്തിന്‍റെ പരശ്ശതം ലീഫ് ലെറ്റുകള്‍ കത്തോലിക്കാവിശ്വാസികള്‍ക്ക് പുതിയ ഉള്‍ക്കാഴ്ച നല്‍കുന്നതായിരുന്നു. ലൂക്കായുടെ സുവിശേഷവും പഴയ നിയമത്തിലെ ആമോസ്, ഏശയ്യ,ജറെമിയ, മിക്ക, എസെക്കിയേല്‍ തുടങിയ ഗ്രന്ഥങ്ങളെ അദ്ദേഹം വ്യാഖ്യാനിച്ചതുപോലെ മറ്റൊരാള്‍ കേരള സഭയില്‍ അവതരിപ്പിച്ചിട്ടില്ല.
ഡോ. മൈക്കിള്‍ കാരിമറ്റം അന്തരിച്ചു