നരിമാളത്തെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത് നാടന്‍ ബോംബ് തന്നെ; അന്വേഷണം തുടങ്ങി

നീലേശ്വരം : ചായ്യോം നരിമാളത്തെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത് നാടന്‍ ബോംബാണെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. പാലത്താടത്തെ കാഞ്ഞമല സാബു ആന്‍റണിയുടെ ചായ്യോം നരിമാളത്തെ പറമ്പിലെ കിണറിന്‍റെ ആള്‍മറക്ക് സമീപത്തുനിന്നാണ് ഐസ്ക്രീം ബോട്ടലില്‍ അടിഭാഗം കവറിങ്ങ് ഉള്ളതുമായ നാടന്‍ ബോംബ് കണ്ടെത്തിയത്. സംഭവം അറിഞ്ഞ് നീലേശ്വരം ഇന്‍സ്പെക്ടര്‍ നിബിന്‍ ജോയ്, പ്രിന്‍സിപ്പല്‍ എസ് ഐ ജി.ജിഷ്ണു , എസ് ഐ എ.വി.ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നീലേശ്വരം പോലീസ് സ്ഥലത്തെത്തി വിശദമായി പരിശോധിച്ചു. തുടര്‍ന്ന് ബോംബ് സ്ക്വാഡിനെയും ഡോഗ് സ്ക്വാഡിനെയും വിവരം അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ ബോംബ് സ്ക്വാഡ് എഎസ്ഐ രഞ്ജിത്ത്, സ്ക്വാഡിലെ സിവില്‍ പോലീസ് ഓഫീസര്‍ വിനീത് എന്നിവര്‍ പരിശോധന നടത്തി ബോംബാണെന്ന് സ്ഥിരീകരിച്ചശേഷം നിര്‍വീര്യമാക്കുകയായിരുന്നു. മനുഷ്യജീവനോ വസ്തുവകകള്‍ക്കോ നാശം വരുത്താനുള്ള ഉദ്ദേശത്തോടുകൂടി സൂക്ഷിച്ചുവെച്ചതാകാം നാടന്‍ ബോംബ് എന്നതിന്‍റെ അടിസ്ഥാനത്തില്‍ സെക്ഷന്‍ നാല് സ്ഫോടകവസ്തു ആക്ട് 1908 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സ്ഥലം പ്ലോട്ടായി തിരിച്ച് വില്‍പന നടത്താനായി പറമ്പില്‍ കല്ല് കെട്ടുകയായിരുന്ന തൊഴിലാളികളാണ് ബോംബ് ആദ്യം കണ്ടത്. ഇവര്‍ വിവരമറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്. ഈ പറമ്പിലേക്ക് പുറമെ നിന്ന് മണ്ണ് കൊണ്ട് ഇറക്കിയിരുന്നു. സ്ഫോടക വസ്തു അതിലൂടെയാകാം ഇവിടെ എത്തിയതെന്നാണ് പോലീസിന്‍റെ നിഗമനം. സ്ഫോടക വസ്തു കണ്ടെത്തിയ വിവരമറിഞ്ഞ് നിരവധി ആളുകള്‍ സംഭവസ്ഥലത്ത് തടിച്ചുകൂടി. നരിമാളം പോലുള്ള സ്ഥലത്ത് നാടന്‍ ബോംബ് കണ്ടെത്തിയ വാര്‍ ത്ത നാട്ടുകാരെ ആശങ്കയിലാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. നീലേശ്വരം പ്രിന്‍സിപ്പല്‍ എസ് ഐ ജി ജിഷ്ണുവിനാണ് അന്വേഷണ ചുമതല. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ബോംബിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ.