കാഞ്ഞങ്ങാട്: തിരുവനന്തപുരം ഡിഫറന്‍റ് ആര്‍ട് സെന്‍ററിന്‍റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരുടെ സമഗ്ര വികാസത്തിനായി കാസര്‍കോട് ആരംഭിക്കുന്ന ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് (ഐഐപിഡി) സംരംഭത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം നാളെ നടക്കും. കാഞ്ഞങ്ങാട് പലേഡിയം ആഡിറ്റോറിയത്തില്‍ വൈകീട്ട് 5.30 ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ അനാച്ഛാദനം ചെയ്യും. ഗായിക കെ.എസ്.ചിത്ര മുഖ്യാതിഥിയാകും.
പദ്ധതിയുടെ നിര്‍മാണോദ്ഘാടനത്തോടനുബന്ധിച്ച് ഭിന്നശേഷി സര്‍ഗപ്രതിഭകള്‍ ഒത്തുചേരുന്ന ജ്യോതിര്‍ഗമയ മെഗാ ഈവന്‍റ് അരങ്ങേറും. ഗോപിനാഥ് മുതുകാടിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ നിരവധി ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ ഭിന്നശേഷി മേഖലയിലെ അഭിമാന താരങ്ങളായ ഫാത്തിമ അന്‍ഷി, അനന്യ ബിജീഷ്, ആദിത്യസുരേഷ്, പിന്നണി ഗായിക തീര്‍ത്ഥ സത്യന്‍, തിരുവനന്തപുരം ഡിഫറന്‍റ് ആര്‍ട് സെന്‍ററിലെ ഭിന്നശേഷി പ്രതിഭകള്‍ എന്നിവരുടെ കലാപ്രകടനങ്ങള്‍ അരങ്ങേറും. സംഗീതം, നൃത്തം, ഇന്ദ്രജാലം, സ്കിറ്റുകള്‍, ഫ്യൂഷന്‍ മ്യൂസിക് തുടങ്ങിയവ ഉള്‍പ്പെടുത്തിയ മൂന്ന് മണിക്കൂര്‍ നീളുന്ന ദൃശ്യവിരുന്നാണ് ജ്യോതിര്‍ഗമയ. ഭിന്നശേഷിക്കാരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിനും സാമൂഹികമായി ഉള്‍ച്ചേര്‍ക്കുന്നതിനുമായാണ് ഇന്‍ക്ലൂസീവ് ഷോ എന്ന നിലയില്‍ കലാപരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലാകമാനം ഭവനരഹിതര്‍ക്ക് സൗജന്യമായി വീട് നിര്‍മ്മിച്ചുനല്‍കുന്ന ബാംഗ്ലൂര്‍ ആസ്ഥാനമായ പ്രോജക്ട് ഷെല്‍ട്ടര്‍ നാടിന്‍റെ വികസനത്തിനായി ഒത്തുചേര്‍ന്ന എന്‍ആര്‍ഡിസി എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് ജ്യോതിര്‍ഗമയ പരിപാടി നടക്കുന്നത്. പ്രവേശനം പാസുമൂലം. ഇതിനോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തില്‍ ഡിഫറന്‍റ് ആര്‍ട് സെന്‍റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറല്‍ പി.മനോജ്കുമാര്‍, പ്രോജക്ട് ഷെല്‍ട്ടര്‍ സ്ഥാപകന്‍ ഫാദര്‍ ജോര്‍ജ് കണ്ണന്താനം, ഡോ.സുരേശന്‍, ചിത്രരാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.