നീലേശ്വരം : മംഗലാപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ റെയില്‍വേ പോലീസിന്‍റെ ക്രൂര മര്‍ദ്ദനത്തില്‍ പരിക്കേറ്റ മലയാളി ജവാന്‍റെ കാല്‍മുറിച്ചുമാറ്റി. നീലേശ്വരം അങ്കക്കളരിയിലെ പരേതനായ ഉദയന സ്വാമിയുടെ മകന്‍ പി.വി.സുരേശന്‍റെ(54) കാലാണ് മംഗലാപുരം ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ മുട്ടിന് മുകളില്‍ വെച്ച് മുറിച്ചുമാറ്റിയത്. ഫെബ്രുവരി 1 നാണ് സുരേശന് റെയില്‍വേ പോലീസിന്‍റെ മര്‍ദ്ദനമേറ്റത്. മംഗലാപുരത്തെ മിലിറ്ററി കാന്‍റീനിലേക്ക് പോയ സുരേശന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലെ ബെഞ്ചില്‍ കിടക്കുമ്പോഴാണ് പോലീസുകാര്‍ ഇവിടെ കിടക്കാന്‍ പാടില്ലെന്ന് പറഞ്ഞത്. പിന്നീട് കുറച്ചുകഴിഞ്ഞ് വീണ്ടും വന്ന പോലീസുകാര്‍ ഉറങ്ങിക്കിടന്ന സുരേശന്‍റെ കാല്‍പാദത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ഇതോടെ ബോധരഹിതനായ സുരേശന്‍ പിറ്റേദിവസം രാവിലെ ബോധമുണര്‍ന്നപ്പോള്‍ മകള്‍ ഹൃദ്യയെ വിളിക്കുകയായിരുന്നു. ഹൃദ്യ മംഗലാപുരം റെയില്‍വെ സ്റ്റേഷനിലും പോലീസിലും വിവരമറിയിച്ചു. പോലീസാണ് റെയില്‍വേ സ്റ്റേഷനില്‍ സുരേശനെ അവശനിലയില്‍ കണ്ടെത്തിയത്. പിന്നീട് ഹൃദ്യ ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് സുരേശനെ മംഗലാപുരം വെന്‍റ്ലോക്ക് ആശുപത്രിയിലാക്കി. ഭാര്യ ജയശ്രീയും മകള്‍ ഹൃദ്യയും മംഗലാപുരത്തെത്തി സുരേശിനെ നാട്ടിലേക്ക് കൊണ്ടുവന്നു. എന്നാല്‍ പോലീസ് മര്‍ദ്ദിച്ച കാര്യം സുരേഷ് ഭാര്യയോടും മകളോടും പറഞ്ഞിരുന്നില്ല. പിറ്റേദിവസം സുരേശന്‍റെ കാലുകള്‍ നീര് വെക്കാന്‍ തുടങ്ങിയതോടെ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ കാണിച്ചു. എന്നാല്‍ നീലേശ്വരം ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികിത്സ തേടണമെന്ന നിര്‍ദ്ദേശമാണ് ലഭിച്ചത്. ഇതേ തുടര്‍ന്നാണ് മംഗലാപുരം ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ ചികിത്സതുടങ്ങിയത്. അവിടെ നിന്നാണ് സുരേശന്‍ പോലീസ് മര്‍ദ്ദിച്ച കാര്യം പറഞ്ഞത്. അപ്പോഴേക്കും കാലിന്‍റെ മസില്‍ തകര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു.
തുടര്‍ന്നാണ് കാല് മുറിച്ചുമാറ്റേണ്ടിവന്നത്. പിന്നാലെ ബന്ധുക്കള്‍ സുരേശിന്‍റെ പിതൃ സഹോദരിപുത്രനായ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പി.വി.ദിനേശനുമായി ബന്ധപ്പെട്ടു. ദിനേശന്‍റെ നിര്‍ദ്ദേശപ്രകാരം ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ മംഗലാപുരം പോലീസ് കേസെടുത്തിട്ടുണ്ട്.