പെരിയ: പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ആയംപാറയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പുലിയിറങ്ങി. കഴിഞ്ഞദിവസം വളര്‍ത്തു നായയെ കടിച്ചുകൊന്ന നിലയില്‍ കാണപ്പെട്ട ആയംപാറ, മാരിങ്കാവിലാണ് ഇന്നലെ രാത്രിയിലും പുലിയെ കണ്ടത്. പാറപ്പുറത്തുള്ള കുഴിയില്‍ നിന്ന് വെള്ളം കുടിക്കുന്ന പുലിയെ പരിസരവാസിയായ കണ്ണന്‍ എന്ന ആളാണ് കണ്ടത്. പാറപ്പുറത്തേക്ക് നോക്കി പട്ടി നിര്‍ത്താതെ കുരയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ടോര്‍ച്ചടിച്ചു നോക്കുകയായിരുന്നു. ബഹളം വെച്ചതോടെ പുലി ഓടിപ്പോയി. വിവരമറിഞ്ഞ് നാട്ടുകാരും വനപാലകരും സ്ഥലത്തെത്തി. ജീപ്പില്‍ യാത്ര ചെയ്യുകയായിരുന്ന ഷാജി എന്നയാളും പുലിയെ കണ്ടതായി പറയുന്നുണ്ട്. ജീപ്പിന് കുറുകെ മൂന്നു തവണയാണ് പുലി ഓടിയതെന്ന് ഷാജി പറയുന്നു. ഇക്കാര്യം ഉടന്‍ തന്നെ പോലീസിനെ അറിയിക്കുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രി പുലിയുടെ ആക്രമണത്തില്‍ ബിന്ദു എന്ന സ്ത്രീയുടെ വീട്ടിലെ വളര്‍ത്തുനായ ചത്തിരുന്നു. പ്രസ്തുത വീട്ടിലേക്ക് പോവുകയായിരുന്നു ഷാജി. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബാര, താമരക്കുഴിയിലും ഇന്നലെ രാത്രി പുലിയെ കണ്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ആയംപാറയിലും താമരക്കുഴിയിലും ഒരേ സമയത്താണ് വലിയ പുലികളെ കണ്ടതെന്ന് അധികൃതര്‍ പറഞ്ഞു.
ആയംപാറയില്‍ രണ്ടാംദിവസവും പുലി
