വെള്ളരിക്കുണ്ട് : മലയോരത്ത് വീണ്ടും കാട്ടുപന്നിയുടെ ആക്രമണം. യുവാവിന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. പുങ്ങംചാല്‍ ചീര്‍ക്കയത്ത് സ്വകാര്യ എസ്റ്റേറ്റില്‍ റബര്‍ ടാപ്പിംഗ് ജോലി ചെയ്യുന്ന കര്‍ണാടക സുബ്രമണ്യ കുംബാര്‍ സ്വദേശി കൃഷ്ണയെയാണ് (36) കാട്ടുപന്നി ആക്രമിച്ചത്. ജോലി കഴിഞ്ഞ് വൈകുന്നേരം കുളിക്കാന്‍ തോട്ടില്‍ എത്തിയപ്പോഴായിരുന്നു കാട്ടുപന്നി ആക്രമണം. കൃഷ്ണയുടെ ശരീരമാസകലം ഗുരുതരമായി പരിക്കേറ്റു. കൃഷ്ണയെ വെള്ളരിക്കുണ്ടിലെ ആശുപത്രിയിലും തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ചികിത്സ നല്‍കി. മലയോരത്ത് വ്യാപകമാവുന്ന വന്യജീവി ആക്രമണം തടയാന്‍ അധികൃതര്‍ വേണ്ട നടപടികള്‍ എടുക്കുന്നില്ലെന്നും കപ്പ, ചേന, ചേമ്പ് തുടങ്ങിയ ഭക്ഷ്യ വിളകള്‍ നട്ടുവളര്‍ത്തിയാല്‍ വിളവെടുക്കുന്നത് കാട്ടുപന്നികൂട്ടമാണ്. അതിനാല്‍ കൃഷി ചെയ്യാന്‍ കര്‍ഷകര്‍ ഇപ്പോള്‍ മെനക്കെടാറില്ല. ഇതിനുപുറമെയാണ് കാട്ടുപന്നികളുടെ ശാരീരിക അക്രമണങ്ങളെന്നും നാട്ടുകാര്‍ പറയുന്നു. മുള്ളന്‍പന്നി, കുരങ്ങ്, മയില്‍ തുടങ്ങിയവയുടെ ശല്ല്യവും അസഹ്യമാണ്. കര്‍ഷകര്‍ക്ക് കൃഷിചെയ്യാനും ജീവിക്കാനും കഴിയാത്ത സാഹചര്യമാണ് മലയോര പ്രദേശങ്ങളില്‍ സംജാതമായിരിക്കുന്നത്.
തോട്ടം തൊഴിലാളിയെ കാട്ടുപന്നി ആക്രമിച്ചു
