ഒടുവില്‍ കൊണ്ടോട്ടി പൊതു ശ്മശാനത്തില്‍ വൈദ്യുതിയെത്തി

കരിന്തളം: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കരിന്തളം കൊണ്ടോടി പൊതു ശ്മശാനത്തില്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചു. പഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലേയും ആളുകള്‍ മൃതദേഹം സംസ്ക്കരിക്കുവാന്‍ ആശ്രയിക്കുന്ന കൊണ്ടോടി ശ്മശാനത്തില്‍ വൈദ്യുതി ഇല്ലാത്തത് വളരെ ദുരിതത്തിലാക്കിയിരുന്നു. ഇതിന് പരിഹാരമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ലക്ഷങ്ങള്‍ ചെലവഴിച്ച് എട്ട് പോസ്റ്റുകള്‍ സ്ഥാപിച്ച് ശ്മശാനത്തിലേക്ക് വൈദ്യുതിലൈന്‍ വലിച്ചിരുന്നു. ശ്മശാനത്ത് വയറിങ് ജോലികള്‍ പൂര്‍ത്തീകരിക്കുകയും കുടിവെള്ളത്തിനായി കുഴല്‍കിണറും മോട്ടറും സ്ഥാപിച്ചു. എന്നാല്‍ ഇതൊക്കെ ഉണ്ടായിട്ടും സാങ്കേതികത്വത്തിന്‍റെ പേരില്‍ വൈദ്യുതി കണക്ഷന്‍ മാത്രം ലഭിച്ചില്ല. ഇത് സംബന്ധിച്ച് ജന്മദേശം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒടുവില്‍ അധികൃതരുടെ കണ്ണ് തുറക്കുകയും ശ്മശാനത്തിലേക്ക് വൈദ്യുതി എത്തിക്കുകയും ചെയ്തു.