നിയമസഭ: സുധാകരന്‍, സുധീരന്‍, മുല്ലപ്പള്ളി, ഉണ്ണിത്താന്‍ പ്രമുഖരെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്

കാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഇടതുകോട്ടകളില്‍ വിള്ളല്‍ വീഴ്ത്താന്‍ മുതിര്‍ന്ന നേതാക്കളെയടക്കം കളത്തിലിറക്കാന്‍ കോണ്‍ഗ്രസ്. വി എം സുധീരന്‍, കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയ നേതാക്കളെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നുവെന്നാണ് സൂചന. ഇവര്‍ക്കെല്ലാം പുറമെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളും ഉണ്ടാകുമെന്നാണ് വിവരം. മുതിര്‍ന്ന നേതാക്കള്‍, മുന്‍ കെപിസിസി അധ്യക്ഷന്‍ തുടങ്ങിയവരെയാണ് കളത്തിലിറക്കുന്നത്. തൃശൂരില്‍ വി എം സുധീരന്‍, കണ്ണൂരില്‍ കെ സുധാകരന്‍, നാദാപുരത്തോ പേരാമ്പ്രയിലോ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉദുമയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിങ്ങനെയാണ് സാധ്യതകള്‍. ഇതിന് പുറമെ സിനിമ താരങ്ങള്‍ അടക്കമുള്ള സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെയും പരിഗണിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ച് ജനുവരി മധ്യത്തോടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ തവണ എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചതിനാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്. ഹൈക്കമാന്‍ഡിന്‍റെ പൂര്‍ണമായ നിരീക്ഷണത്തിലാണ് സ്ഥാനാര്‍ഥി നിര്‍ണയം നടക്കുക. നേരത്തെതന്നെ കേരളത്തിലെ ഹൈക്കമാന്‍ഡ് പ്രതിനിധി ദീപ ദാസ് മുന്‍ഷി ഇതിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. എഐസിസിയുടെ സ്ക്രീനിങ് കമ്മിറ്റിയും ഉടന്‍ രൂപീകരിക്കും.