ഭാര്യയും അമ്മയും സഹോദരനും ഉത്തരവാദിയെന്ന് കലാധരന്‍റെ ആത്മഹത്യാകുറിപ്പ്

പയ്യന്നൂര്‍: മക്കളെ വിട്ടുകൊടുക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ മരണമല്ലാതെ മറ്റ് പോംവഴിയില്ലെന്ന് കലാധരന്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇതിനുശേഷം കലാധരന്‍ മക്കളെ തട്ടിക്കൊണ്ടു പോയതായും വിട്ടുതരുന്നില്ലെന്നും കാണിച്ച ഭാര്യ നയന്‍താര കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് പരാതി നല്‍കി. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ രാമന്തളിയിലെ വീട്ടില്‍ എത്തിയതായും എന്നാല്‍ വീട്ടില്‍ ആരുമില്ലാത്തതിനാല്‍ തിരിച്ചു പോയതായും പറയപ്പെടുന്നു. ഇതിന് ശേഷം മക്കളെ വിട്ടുനല്‍കേണ്ടി വരുമെന്ന ഭീതിയാകാം കടുംകൈ ചെയ്യാന്‍ കലാധരനെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.

ഭാര്യയും ഭാര്യയുടെ അമ്മയും സഹോദരനുമാണ് തന്‍റേയും മക്കളുടേയും മരണത്തിന് പൂര്‍ണ ഉത്തരവാദികളെന്ന് കലാധരന്‍റെ ആത്മഹത്യാ കുറിപ്പിലുണ്ട്. ജീവിക്കാന്‍ അനുവദിക്കാത്ത വിധം മക്കളെവെച്ച് ദ്രോഹിക്കുകയാണ്. താങ്ങാവുന്നതിലും അധികം ആയതിനാലാണ് ഇത് ചെയ്യുന്നത്. തെളിവുകള്‍ തന്‍റെ ഫോണിലുണ്ടന്നും അധികാരികള്‍ പരിശോധിക്കണമെന്നും എഴുതിയ കത്തില്‍ മൊബൈല്‍ തുറക്കുന്നതിനുള്ള പാറ്റേണടക്കം വരച്ച് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്‍റെ മക്കള്‍ ഒരുകാരണവശാലും അമ്മയുടെ കൂടെ പോകാന്‍ തയ്യാറല്ലെന്നും തന്‍റെ ചിതാഭസ്മം മക്കളുടെ കൂടെ കുഴിച്ചിടണമെന്നും ഇത് മാത്രം നീ സമ്മതിക്കണമെന്നും കലാധരന്‍ എഴുതിയ ആത്മഹത്യാകുറിപ്പിലുണ്ട്. ഒരു കള്ളക്കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് കലാധരന്‍റെ പിതാവ് കാങ്കോലിലാണ് താമസം. മരണം നടന്ന ദിവസം ഭാര്യയേയും മകനേയും ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്നാണ് കലാധരന്‍റെ പിതാവ് ഓട്ടോറിക്ഷ ഡ്രൈവറായ ഉണ്ണികൃഷ്ണന്‍ രാമന്തളിയിലെ വീട്ടിലെത്തിയത്. അപ്പോഴാണ് കത്ത് എഴുതി വെച്ചതായി കണ്ടതും നാടിനെ നടുക്കിയ കൂട്ടമരണം നാടറിഞ്ഞതും. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് നാലുപേരുടേയും മൃതദേഹം സംസ്ക്കരിച്ചത്.