കാണാതായ എഞ്ചിനീയറുടെ മൃതദേഹം ബേക്കല്‍ കോട്ടയ്ക്ക് സമീപം കടലില്‍

കാഞ്ഞങ്ങാട്: ബേക്കല്‍ കോട്ടയ്ക്ക് സമീപത്ത് കടലില്‍ ചാടിയ കാഞ്ഞങ്ങാട്ടെ യുവ എഞ്ചിനീയറുടെ മൃതദേഹം കണ്ടെത്തി. ഇന്ന് 11.30 മണിയോടെ തൃക്കണ്ണാട് കടലിലാണ് മൃതദേഹം കണ്ടെത്തിയത്. കരയ്ക്ക് എത്തിച്ച ശേഷം മൃതദേഹം കാണാതായ ആളുടേതാണെന്ന് സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട്, സൗത്ത്, മാതോത്ത് ക്ഷേത്രത്തിനു സമീപത്തെ യു കെ ജയപ്രകാശിന്‍റെ മകനും എഞ്ചിനീയറുമായ പ്രണവിനെയാണ് (33) വ്യാഴാഴ്ചമുതല്‍ കാണാതായത്. ഇതു സംബന്ധിച്ച് പിതാവ് ഹൊസ്ദുര്‍ഗ്ഗ് പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയില്‍ പ്രണവിന്‍റെ മൊബൈല്‍ ഫോണും ചെരുപ്പും ബേക്കല്‍ കോട്ടയ്ക്ക് സമീപത്ത് കണ്ടെത്തി. ആത്മഹത്യാകുറിപ്പും ഉണ്ടായിരുന്നു. ഹൊസ്ദുര്‍ഗ്ഗ് പോലീസും തീരദേശ പോലീസും തെരച്ചില്‍ തുടരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പ്രണവിന്‍റെ കല്യാണം നടത്താന്‍ തീരുമാനിച്ചിരുന്നതായി പറയുന്നു.