സുരക്ഷിതമായി ജീവിക്കാനാകുന്ന നാടായി കേരളം മാറി -സ്പീക്കര്‍

കരിന്തളം: ഇന്ത്യയില്‍ ജനങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. കേരള പൊതുമേഖല സ്ഥാപനമായ കെസിപിഎല്‍, ബിപിസി എല്ലുമായി സഹകരിച്ച് കരിന്തളം തലയടുക്കത്ത് ആരംഭിച്ച പെട്രോള്‍ പമ്പ് ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. ഒരു വര്‍ഗീയ ലഹളയോ കര്‍ഫ്യൂവോ ഒന്നും തന്നെ ഇല്ലാത്ത സുന്ദരനാടായി കേരളം മാറിയിരിക്കുന്നു. ചെയര്‍മാനും എംഡിയും ഒരേ മനസ്സോടെ മുന്നോട്ടു പോകുന്നതാണ് കെസിസിപിഎല്ലിന്‍റെ വിജയം. തൊഴിലാളികള്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണം. അവരുടെ ശമ്പള വര്‍ദ്ധനവ് ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു കഴിഞ്ഞുവെന്നും ഇടപാടുകാരോട് മാന്യമായി പെരുമാറന്‍ കഴിയണമെന്നും സ്പീക്കര്‍ തുടര്‍ന്നു പറഞ്ഞു. കമ്പനി ചെയര്‍മാന്‍ ടി.വി രാജേഷ് അധ്യക്ഷത വഹിച്ചു. എം ഡി ആനക്കൈ ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് സ്പീക്കറെ ചടങ്ങിലേക്ക് വരവേറ്റത്.