കാഞ്ഞങ്ങാട്: സത്യസന്ധത വീണ്ടും തെളിയിച്ച് കാഞ്ഞങ്ങാട് നയാബസാറിലെ ശ്രീ മൂകാംബിക ലോട്ടറി ഉടമ കെ.സുധാകരന്‍. കഴിഞ്ഞ ദിവസം നറുക്കെടുത്ത തിരുവോണം ബമ്പറിന്‍റെ മൂന്നാംസമ്മാനം ശ്രീ മൂകാംബിക സ്റ്റാളില്‍ നിന്നും വില്‍പ്പന നടത്തിയ ടിക്കറ്റിനാണ് ലഭിച്ചത്. തായന്നൂരിലെ ആംബുലന്‍സ് ഡ്രൈവര്‍ വി.ജി.ബാബുവിനാണ് 50 ലക്ഷം അടിച്ചത്. ബാബു നേരത്തെ ടിക്കറ്റെടുത്തെങ്കിലും ടിക്കറ്റ് കൈപ്പറ്റിയിരുന്നില്ല. ഒരു ടിക്കറ്റ് തനിക്കുവേണ്ടി മാറ്റിവെക്കണമെന്ന് മാത്രമാണ് ഫോണിലൂടെ സുധാകരനോട് ബാബു ആവശ്യപ്പെട്ടത്. സുധാകരന്‍ ഒരു ടിക്കറ്റ് മാറ്റിവെച്ചു. നറുക്കെടുത്ത് ഫലം വന്നപ്പോള്‍ ടിക്കറ്റിന് മൂന്നാം സമ്മാനമായ 50 ലക്ഷം അടിച്ചു. വിവരം അറിഞ്ഞയുടന്‍ സുധാകരന്‍ ബാബുവിനെ വിളിച്ച് നിങ്ങള്‍ക്കുവേണ്ടി മാറ്റിവെച്ച ടിക്കറ്റിന് 50 ലക്ഷം അടിച്ചതായി അറിയിച്ചു. ഏതാനും വര്‍ഷം മുമ്പ് കോട്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന കുന്നുമ്മലിലെ കേളുനായരുടെ മകന്‍ അശോകനും ഇതേപോലെ ഒരുടിക്കറ്റ് മാറ്റിവെക്കണമെന്ന് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. സുധാകരന്‍ അശോകന് വേണ്ടി ഒരു ടിക്കറ്റ് മാറ്റിവെച്ചു. അതില്‍ കാരുണ്യ ലോട്ടറിയുടെ 1 കോടി രൂപ അടിച്ചു. അന്നും ഇതേപോലെ സുധാകരന്‍ അശോകനെ വിളിച്ച് 1 കോടി അടിച്ച വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ക്ക് രണ്ടുപേര്‍ക്കും മുന്‍കൂട്ടി ടിക്കറ്റിന്‍റെ നമ്പര്‍ സുധാകരന്‍ നല്‍കിയിരുന്നില്ല. വേണമെങ്കില്‍ നിശബ്ദത പാലിച്ച് 1 കോടിയും 50 ലക്ഷവും സുധാകരന് കീശയിലാക്കാമായിരുന്നു.
വീണ്ടും സത്യസന്ധത തെളിയിച്ച് സുധാകരന്
