കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ തീവെട്ടി ബാബു പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു

പയ്യന്നൂര്‍: 60ല്‍പ്പരം കവര്‍ച്ചാ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. കൊല്ലം സ്വദേശിയായ ബാബു എന്ന തീവെട്ടി ബാബുവാണ് (60) രക്ഷപ്പെട്ടത്. ഇന്ന് രാവിലെ 10.15 മണിക്ക് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് രക്ഷപ്പെട്ടത്. പയ്യന്നൂരില്‍ വഴിയാത്രക്കാരന്‍റെ പണം അടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ഓടിയ കേസില്‍ രണ്ടാഴ്ച മുമ്പാണ് ബാബു പോലീസിന്‍റെ പിടിയിലായത്. അറസ്റ്റിലായ ബാബുവിന് ഗുരുതരമായ രോഗം ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോലീസ് കാവലില്‍ ചികിത്സ നല്‍കാനാണ് കോടതി ഉത്തരവിട്ടിരുന്നത്. ബാബുവിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ പയ്യന്നൂര്‍ ഇന്‍സ്പെക്ടര്‍ 9497987213, പരിയാരം ഇന്‍സ്പെക്ടര്‍ 949794725 7 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.