പരപ്പ: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വ്യാപാരിയായ റോട്ടറി ക്ലബ്ബ് പ്രസിഡണ്ടിന്‍റെ കാറില്‍ താക്കോല്‍കൊണ്ട് വരച്ച് വികൃതമാക്കിയതായി പോലീസില്‍ പരാതി.
പരപ്പയിലെ വ്യാപാരിയും റോട്ടറി ക്ലബ്ബ് പ്രസിഡണ്ടുമായ ബിരിക്കുളത്തെ പുത്തന്‍പുരയ്ക്കല്‍ റോയി ജോര്‍ജിന്‍റെ കെഎല്‍ 26 ജി 3534 നമ്പര്‍ മാരുതി കാറാണ് താക്കോല്‍ കൊണ്ട് വരച്ച് വികൃതമാക്കിയത്. സെപ്തംബര്‍ 28 ന് രാത്രി പരപ്പ ടൗണില്‍ വെച്ചതായിരുന്നു കാര്‍. പിറ്റേന്നാണ് കാറിന്‍റെ ബോഡി വികൃതമാക്കിയത് റോയിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേതുടര്‍ന്ന് റോയി വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കി. പരാതി നല്‍കുന്നതിന് മുമ്പുതന്നെ സമീപത്തെ മൂന്ന് കച്ചവട സ്ഥാപനങ്ങളിലെ സിസിടിവി റോയി പരിശോധിച്ച് കാറില്‍ വരച്ച് വികൃതമാക്കിയ വിരുതനെ തിരിച്ചറിഞ്ഞിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് കോട്ടക്കല്‍ വിജയനാണ് കാറില്‍ താക്കോല്‍ കൊണ്ട് വരച്ചത്. മര്‍ച്ചന്‍റ്സ് അ സോസിയേഷന്‍റെ സജീവ പ്രവര്‍ത്തകനാണ് റോയി. കാ റില്‍ വരയുന്നത് തൊട്ടടുത്തുള്ള കടകളിലെ സിസിടിവിയില്‍ പതിഞ്ഞു. റോയിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാപാരി നേതാവിനെ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വെള്ളരിക്കുണ്ട് പോലീസ് ഇന്‍സ്പെക്ടറുടെ മുമ്പില്‍ വിജയന്‍ കുറ്റം സമ്മതിച്ചു. പിന്നീട് ഇരുഭാഗത്തുമുള്ള വ്യാപാരികളുടെ ആവശ്യപ്രകാരം സംഭവം ഒത്തുതീര്‍ത്തു. നഷ്ടപരിഹാരമായി കോട്ടക്കല്‍ വിജയന്‍ റോയിക്ക് 15000 രൂപ ഇന്ന് വൈകീട്ട് നല്‍കണം. കൂടാതെ അടിയന്തിര എക്സിക്യുട്ടീവ് യോഗം വിളിച്ച് വിജയന്‍ വ്യാപാരി നേതാക്കളോടും റോയിയോടും സുഹൃത്തുക്കളോടും മാപ്പുപറയണം. വികൃതിപ്പിള്ളേര് കാണിക്കുന്ന കുരുത്തക്കേടാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂണിറ്റ് പ്രസിഡണ്ട് ചെയ്തത്. ഇതുമൂലം ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് വിജയന്‍ ഇന്ന് പ്രസിഡണ്ട് സ്ഥാനം രാജിവെക്കാനാണ് സാധ്യത. രാജിവെച്ചില്ലെങ്കില്‍ അവിശ്വാസപ്രമേയത്തിനും സാധ്യതയേറി.