നീലേശ്വരം: സ്വന്തമായി വീട് എന്ന സ്വപ്നം പൂര്‍ത്തീകരിക്കാനാവാതെയുള്ള യുവ പോലീസ് ഉദ്യോഗസ്ഥന്‍റെ ആഗസ്ത്മിക വിടവാങ്ങല്‍ ഏവരുടെയും കരളലിയാപ്പിക്കുന്ന കാഴ്ചയായി. ഇന്നലെ പുലര്‍ച്ചെയാണ് രക്ഷപ്പെട്ട കഞ്ചാവ് കേസിലെ പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുന്നതിനിടയില്‍ ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് സ്ക്വാഡിലെ അംഗം ചെറുവത്തൂര്‍ മയ്യിച്ച സ്വദേശി കെ കെ സജീഷ് (38) വാഹന അപകടത്തില്‍ മരണപ്പെടുന്നത്. ഓര്‍ക്കാപുറത്തുള്ള സജീഷിന്‍റെ വേര്‍പാട് സഹപ്രവര്‍ത്തകരെയും നാട്ടുകാരെയും സുഹൃത്തുക്കളെയും ഒരുപോലെ കണ്ണീരിലാഴ്ത്തി. പൊതുവേ സൗമ്യശീലനും ഒരു തവണ പരിചയപ്പെട്ടാല്‍ ആ സൗഹൃദം എന്നും കാത്തുസൂക്ഷിക്കുന്ന സ്വഭാവവക്കാരനുമായിരുന്നു സജീഷ്. സഹപ്രവര്‍ത്തകര്‍ക്കും നല്ലതു മാത്രമേ പറയാനുള്ളൂ. സ്വന്തമായി വീട് എന്ന സ്വപ്നം സാഫല്യമാവാതെയാണ് സജീഷിന്‍റെ അന്ത്യ യാത്ര. നീലേശ്വരം ബ്ലോക്ക് ഓഫീസിന് സമീപം പട്ടേന റോഡില്‍ സജീഷ് സ്വന്തമായി പണിയുന്ന വീടിന്‍റെ പണികള്‍ അവസാനഘട്ടത്തിലാണ്. പണി പൂര്‍ത്തീകരിച്ച് ഉടന്‍ തന്നെ ഗൃഹപ്രവേശനം നടത്താനുള്ള തയ്യാറെടുപ്പിനിടെയാണ് യുവ പോലീസ് ഉദ്യോഗസ്ഥന്‍റെ അപകടമരണം. ഇന്ന് ചേതനയറ്റ ശരീരം പണിതീരാത്ത ആ വീട്ടിലെത്തിച്ചപ്പോള്‍ ഹൃദയഭേതകമായ കാഴ്ചയാണ് കാണാതായത്. നിലവില്‍ നീലേശ്വരം പോലീസ് കോര്‍ട്ടേഴ്സിലായിരുന്നു താമസിച്ചുവന്നത്. 2010 ല്‍ പോലീസ് സേനയുടെ ഭാഗമായ സജീഷ് വെള്ളരിക്കുണ്ട് , കുമ്പള, ബേഡകം സ്റ്റേഷനുകളിലെ സേവനത്തിനുശേഷമാണ് ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യല്‍ സ്ക്വാഡില്‍ അംഗമായി എത്തുന്നത്. നിരവധി തവണ ജില്ലാ പോലീസ് മേധാവിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി ലഭിച്ചിട്ടുണ്ട്. 15 വര്‍ഷത്തെ പോലീസ് ജീവിതത്തിനിടയില്‍ കുറ്റന്വേഷണത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത എന്നും കര്‍മ്മനിരതനായ പോലീസ് ഉദ്യോഗസ്ഥനായിരുന്നു സജീഷെന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. കാസര്‍കോട് ജില്ലയിലെ ലഹരി വേട്ടകളിലെ മുഖ്യസാന്നിധ്യമായിരുന്നു സജീഷ് . ഡാന്‍സാഫ് സ്ക്വാഡിലെ ഏറ്റവും ധൈര്യവാനായ പോലീസ് കാരന്‍ എന്നാണ് സഹപ്രവര്‍ത്തകര്‍ സജീഷിനെ കുറിച്ച് ഓര്‍ത്തെടുക്കുന്നത്. നിയമം അണുവിട വെതിചലിക്കാത്ത യുവ പോലീസ് ഓഫീസര്‍ക്ക് അതിനു നല്‍കേണ്ടി വന്നത് സ്വന്തം ജീവന്‍ തന്നെയാണ്. ദിവസങ്ങള്‍ക്കു മുമ്പ് നീലേശ്വരത്ത് പിടികൂടിയ വന്‍ ലഹരി വേട്ടയിലും സജീഷ് ഉണ്ടായിരുന്നു. ഭാര്യയും രണ്ടു പിഞ്ചു കുട്ടികളുടെയും ഏക പ്രതീക്ഷയായിരുന്ന സജീഷിന്‍റെ വേര്‍പാട് ഇനിയും വിശ്വസിക്കാന്‍ കഴിയാതെ തേങ്ങുകയാണ് നാട്. ഇന്നലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ ജില്ലാ പോലീസ് ആസ്ഥാനത്തും മേല്‍പ്പറമ്പ് , നീലേശ്വരം പോലീസ് സ്റ്റേഷനുകളിലും പൊതുദര്‍ശനത്തിനുശേഷം സജീഷ് ഏറെ ആഗ്രഹിച്ച് നീലേശ്വരം പട്ടേന റോഡില്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന വീട്ടിലേക്ക്കൊണ്ട് പോയി അല്‍പസമയം വെച്ചു. ശേഷം മയ്യിച്ചയിലെ വീട്ടിലേക്ക് കൊണ്ടുപോയി. പൊതുദര്‍ശനത്തിന് വെച്ച സ്ഥലങ്ങളിലെല്ലാം സജീഷിനെ അവസാന ഒരു നോക്ക് കാണുവാന്‍ സഹപ്രവര്‍ത്തകരും നാട്ടുകാരും സുഹൃത്തുക്കളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ഒഴുകിയെത്തി ദുഃഖം സഹിക്കാനാവാതെ പലരും പൊട്ടിക്കരഞ്ഞു.
സജീഷ് യാത്രയായത് സ്വപ്ന സാഫല്യത്തിന് കാത്തുനില്‍ക്കാതെ
