കരിന്തളം: ഇന്നലെ സായം സന്ധ്യയില്‍ വയോധികനെ അരുംകൊല ചെയ്ത വാര്‍ത്ത കേട്ട് ഞെട്ടി വിറങ്ങലിച്ചു നില്‍ക്കുകയാണ് കുമ്പളപ്പള്ളി ഗ്രാമ നിവാസികള്‍. ചീറ്റമൂല ഉന്നതിയിലെ വയോധികനായ കെ.കണ്ണനെയാണ് (80) അയല്‍വാസിയും അടുത്ത ബന്ധവുമായ കെ.ശ്രീധരന്‍ (47) തലക്കടിച്ച് അരുംകൊല ചെയ്തത്. പ്രായാധിക്യം കാരണം കാര്യമായി പുറത്തുനിന്ന് പോകാത്ത കണ്ണനെ നിഷ്ക്കരുണം ശ്രീധരന്‍ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അമിതമായ മദ്യപാനത്തിന് അടിമയായ ശ്രീധരന്‍ നാട്ടില്‍ സ്ഥിരം പ്രശ്നക്കാരനാണ്. മദ്യം ലഭിക്കാത്ത വിഭ്രാന്തിയില്‍ ഇദ്ദേഹം നിരവധി തവണ ആത്മഹത്യാ ശ്രമവും നടത്തിയിരുന്നു. ഒരു തവണ ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലും കഴിഞ്ഞിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് തൊട്ടടുത്ത പ്രദേശമായ ഉമിച്ചിയിലെ ഒരു വീടിന്‍റെ ടെറസില്‍ കയറി എനിക്കിപ്പോള്‍ പൊറോട്ടയും ബീഫും കിട്ടിയില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കിയിരുന്നു. ബീഫ് തരാം എന്ന് പറഞ്ഞ് തന്ത്രപരമായിട്ടാണ് അന്ന് ഇയാളെ താഴെ ഇറക്കിയത്. അന്ന് ഞായറാഴ്ച ആയതിനാല്‍ ഏറെ പണിപ്പെട്ടാണ് നീലേശ്വരം പോലീസ് ശ്രീധരന് ബീഫും പൊറോട്ടയും തരപ്പെടുത്തി കൊടുത്തത്. അതിനുമുമ്പും കുമ്പളപ്പള്ളിയിലെ കമ്മ്യൂണിറ്റി ഹാളിന്‍റെ മുകളില്‍ കയറിയും ശ്രീധരന്‍ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. അന്ന് ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് താഴെയിറക്കിയത്. ഇന്നലെത്തന്നെ രാവിലെ മുതല്‍ വടിയുമായി തലങ്ങും വിലങ്ങും ഇയാള്‍ നടക്കുന്നുണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊല്ലപ്പെട്ട കണ്ണന്‍റെ തൊട്ടടുത്ത വീട്ടിലും സംഭവത്തിന് തൊട്ടുമുമ്പ് ശ്രീധരന്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഞങ്ങള്‍ വാതിലടച്ച് അകത്തു കയറിയില്ലെങ്കില്‍ അവന്‍ ഞങ്ങളെയും കൊല്ലുമായിരുന്നു എന്നാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വീട്ടുകാര്‍ ഏറെ ഭയത്തോടെ പറയുന്നത്. ഇനി പുറത്തു വന്നാലും ഇയാളുടെ സ്വഭാവം ഇതു തന്നെയായിരിക്കില്ലേ എന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്. ശ്രീധരന്‍റെ ഈ സ്വഭാവം കാരണം ഭാര്യയും മക്കളും അവരുടെ വീട്ടിലാണ് കഴിയുന്നത്.
80 കാരനെ തലക്കടിച്ചുകൊന്നു; അരുംകൊലയില്‍ നടുങ്ങി കുമ്പളപ്പള്ളി
