നിയന്ത്രണം തെറ്റിയ ലോറി ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് ദേശീയപാതയില്‍ നിയന്ത്രണം തെറ്റിയ ലോറി ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് അപകടം. മംഗലാപുരം ഭാഗത്തേയ്ക്ക് പോവുകയായിരുന്നു ലോറി. കാഞ്ഞങ്ങാട് സൗത്തില്‍ നിയന്ത്രണം തെറ്റിയ ലോറി ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ലോറി പൂര്‍ണ്ണമായും തകര്‍ന്നു. ഡ്രൈവറും ക്ലീനറും നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. നീലേശ്വരം, കരുവാച്ചേരിയില്‍ ഇന്നലെ പുലര്‍ച്ചെ സമാന അപകടം ഉണ്ടായിരുന്നു. സര്‍വ്വീസ് റോഡില്‍ നിന്ന് മെയിന്‍ റോഡിലേയ്ക്ക് കയറുന്നതിനിടയില്‍ നിയന്ത്രണം വിട്ട ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഏതാനും ദിവസം മുമ്പ് കാസര്‍കോട്, എരിയാല്‍ ദേശീയപാതയുടെ സര്‍വ്വീസ് റോഡിലുണ്ടായ അപകടത്തില്‍ ഒരു ഡസനിലെറെ ഇരു ചക്രവാഹനങ്ങളും നിരവധി ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നിരുന്നു. എരിയാല്‍ അടിപ്പാതയ്ക്ക് സമീപത്ത് എത്തിയപ്പോള്‍ ഡ്രൈവര്‍ ഉറങ്ങിയതോടെ നിയന്ത്രണം തെറ്റിയ ലോറി റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളില്‍ ഇടിച്ചായിരുന്നു അപകടം.