കാസര്‍കോട്: എയിംസ് കാസര്‍കോട് തന്നെ വേണമെന്നാണ് ആവശ്യമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ എല്ലാ യോഗത്തിലും പിണറായി വിജയനുമായി യുദ്ധം നടന്നിട്ടുണ്ട്. കോഴിക്കോടിനായി മുഖ്യമന്ത്രി വാശിപിടിക്കുകയാണെന്ന് പറഞ്ഞ രാജ്മോഹന്‍ ഉണ്ണിത്താന്‍ സുരേഷ് ഗോപിക്കെതിരെയും രംഗത്തത്തി. അടുത്ത കാലത്ത് ബിജെപി രാഷ്ട്രീയത്തില്‍ വന്ന് നേതാവായവര്‍ക്ക് വിഷയം അറിയില്ല. ആലപ്പുഴയില്‍ വേണമെന്ന സുരേഷ് ഗോപിയുടെ ആവശ്യത്തെ എതിര്‍ക്കുന്നു. കാസര്‍കോട് തന്നെ എയിംസ് വേണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. അതേസമയം സുരേഷ് ഗോപിയുടെ പ്രസ്താവന തള്ളി ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വം രംഗത്തെത്തി. എയിംസ് കേരളത്തില്‍ എവിടെയും സ്ഥാപിക്കാമെന്നാണ് ബിജെപി നിലപാടെന്ന് അഡ്വ. പി കെ ബിനോയ് വ്യക്തമാക്കി. എയിംസിനായി ആലപ്പുഴയെ പ്രത്യേകിച്ച് ചൂണ്ടിക്കാണിക്കാനില്ലെന്നും എന്തുകൊണ്ട് ആലപ്പുഴയെന്നതില്‍ വ്യക്തത വരുത്തേണ്ടത് സുരേഷ് ഗോപിയാണെന്നും ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ സെക്രട്ടറി പി കെ ബിനോയ് പറഞ്ഞു. കേരളത്തില്‍ എയിംസിന് തറക്കല്ലിടാതെ താന്‍ ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുകയോ ചെയ്യില്ലെന്ന് കലുങ്ക് സംവാദത്തില്‍ നിരവധി തവണ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു. എയിംസ് ആലപ്പുഴ ജില്ലയില്‍ വേണമെന്ന അഭിപ്രായമാണ് സുരേഷ് ഗോപി വിവിധ സ്ഥലങ്ങളില്‍ പറഞ്ഞത്.
എയിംസ് കാസര്‍കോട്ട് അനുവദിക്കണമെന്ന് ഉണ്ണിത്താന്‍
