യുവാവിന് നേരെ വധശ്രമം: നാലുപേര്‍ കൂടി അറസ്ററില്‍

കാസര്‍കോട്: കുമ്പള, സീതാംഗോളിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുക്കാന്‍ ശ്രമിച്ച കേസില്‍ നാലുപേരെ കൂടി അറസ്റ്റു ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കുതിരപ്പാടി സ്വദേശികളായ മഹേഷ്, രജീഷ്, ഹരികൃഷ്ണന്‍, അജിത്ത് കുമാര്‍ എന്നിവരെയാണ് എഎസ്പി എം നന്ദഗോപന്‍റെ നേതൃത്വത്തില്‍ കുമ്പള പോലീസ് ഇന്‍സ്പെക്ടര്‍ പി.കെ ജിജീഷും സംഘവും അറസ്റ്റു ചെയ്തത്. മുഖ്യപ്രതികളിലൊരാളായ ബേള, ചൗക്കാര്‍ ഹൗസിലെ പി.അക്ഷയ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാള്‍ റിമാന്‍റിലാണിപ്പോള്‍. ഞായറാഴ്ച രാത്രി 11.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ബദിയഡുക്കയിലെ മത്സ്യവില്‍പ്പനക്കാരനായ അനില്‍കുമാറാണ് (40) അക്രമത്തിനു ഇരയായത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിഷയം സംബന്ധിച്ച ചര്‍ച്ച ചെയ്യുന്നതിനിടയില്‍ കഴുത്തില്‍ കുത്തിക്കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് കുമ്പള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. മംഗലാപുരത്തെ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് അനില്‍കുമാറിന്‍റെ കഴുത്തില്‍ തറച്ച കത്തി നീക്കം ചെയ്തത്. കേസില്‍ ഇനി എട്ട് പ്രതികളെ കിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളെ അറസ്റ്റു ചെയ്ത സംഘത്തില്‍ ജില്ലാ പോലീസ് മേധാവി ബി.വി വിജയഭരത് റെഡ്ഡിയുടെ കീഴിലുള്ള ഡാന്‍സാഫ് സ്ക്വാഡ്അംഗങ്ങളായ എസ്ഐ കെ. നാരായണന്‍ നായര്‍, എഎസ്ഐ ബി.വി ഷാജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എന്‍.രാജേഷ്, സിപിഒ ജെ.സജീഷ് എന്നിവരുമുണ്ടായിരുന്നു.