മുനിസിപ്പല്‍ നാഷണല്‍ ലീഗ് യോഗത്തില്‍ വൈസ് ചെയര്‍മാനെതിരെ വിമര്‍ശനം

പടന്നക്കാട്: മുനിസിപ്പല്‍ നാഷണല്‍ ലീഗ് യോഗത്തില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി.അബ്ദുള്ളക്കെതിരെ വിമര്‍ശനം. അബ്ദുള്ള യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊളിഞ്ഞ ബില്‍ടെക് എന്ന സ്ഥാപനത്തിന്‍റെ പേര് സ്വന്തം പേരിനോടൊപ്പം ചേര്‍ത്തുവെച്ച് ബില്‍ടെക് അബ്ദുള്ള എന്നാണ് വൈസ് ചെയര്‍മാന്‍ അറിയപ്പെടുന്നത്. അടുത്ത മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ പി.അബ്ദുള്ളക്ക് സീറ്റ് നല്‍കരുതെന്ന് മുനിസിപ്പല്‍ യോഗത്തില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു. പാര്‍ട്ടി പ്രവര്‍ത്തകരുമായി സഹകരിക്കുന്നില്ലെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നുമാണ് അബ്ദുള്ളക്കെതിരെ ഉയര്‍ന്ന ഒരു ആരോപണം. കരുവളം വാര്‍ഡില്‍ നിന്നാണ് കഴിഞ്ഞ തവണ അബ്ദുള്ള മത്സരിച്ച് വിജയിച്ച് മുന്‍സിപ്പല്‍ വൈസ് ചെയര്‍മാനായത്. നാഷണല്‍ ലീഗ് അബ്ദുള്ളയെ കയ്യൊഴിയുമെന്ന സ്ഥിതിവന്നതോടെ മുസ്ലീംലീഗുമായി അടുക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സീറ്റ് മോഹിച്ച് കാത്തുനില്‍ക്കുന്ന ലീഗുകാര്‍ക്ക് കൊടുക്കാന്‍ സീറ്റ് തികയാത്ത സാഹചര്യത്തില്‍ നാഷണല്‍ ലീഗുകാരനായ അബ്ദുള്ളക്കെങ്ങനെ സീറ്റ് നല്‍കുമെന്നാണ് ഒരു പ്രാദേശിക ലീഗ് നേതാവ് ചോദിച്ചത്. പെണ്ണുകെട്ട് വിവാദത്തെതുടര്‍ന്ന് ഇടതുമുന്നണിയിലെ വല്യേട്ടനായ സിപിഎം, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാന്‍ അബ്ദുള്ളയെ ഉപദേശിക്കണമെന്ന് നാഷണല്‍ ലീഗ് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കേണ്ടിവന്നാല്‍ കൗണ്‍സിലര്‍ സ്ഥാനവും താന്‍ രാജിവെക്കുമെന്ന് അബ്ദുള്ള ഭീഷണിമുഴക്കി വൈസ് ചെയര്‍മാന്‍ സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. അതുകൊണ്ട് സിപിഎമ്മിലേക്ക് കാലുമാറാമെന്ന് വിചാരിച്ചാല്‍ സിപിഎം അബ്ദുള്ളയെ എടുക്കാന്‍ യാതൊരു സാധ്യതയുമില്ല. അങ്ങനെയുള്ള സാഹചര്യത്തില്‍ നാഷണല്‍ ലീഗിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ റിബലായി മത്സരിക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസം ചേര്‍ന്ന മുനിസിപ്പല്‍ നാഷണല്‍ ലീഗ് യോഗത്തില്‍ അബ്ദുള്ളക്ക് സീറ്റ് കൊടുത്തില്ലെങ്കില്‍ റിബലായി മത്സരിക്കുമെന്ന അഭിപ്രായം ഉയര്‍ന്നു. റിബലായി മത്സരിച്ചാല്‍ അതിനെ നേരിടാമെന്നാണ് യോഗത്തില്‍ ഉയര്‍ന്നുവന്ന അഭിപ്രായം. ഇന്ന് വൈകീട്ട് നാഷണല്‍ ലീഗ് മണ്ഡലം കണ്‍വെന്‍ഷന്‍ കൂളിയങ്കാല്‍ നാഷണല്‍ ലീഗ് ഓഫീസില്‍ ചേരുന്നുണ്ട്. മണ്ഡലം കണ്‍വെന്‍ഷനിലും ബില്‍ടെക് വിഷയം ഉയരാനാണ് സാധ്യത.