കാട്ടുപന്നി ശല്യത്തില്‍ പൊറുതിമുട്ടി കൂട്ടപ്പുന്ന പ്രദേശത്തെ കര്‍ഷകര്‍

നീലേശ്വരം : ബങ്കളം കൂട്ടപ്പുന്ന പ്രദേശങ്ങളില്‍ കാട്ടുപന്നി ശല്യത്തില്‍ പൊറുതിമുട്ടി കര്‍ഷകരും പൊതുജനങ്ങളും. ഈ പ്രദേശങ്ങളിലെ കമുക്, തെങ്ങിന്‍തൈകള്‍,വാഴ, ചേമ്പ്, ചേന, മധുരക്കിഴങ്ങ്, മരച്ചീനി, മുണ്ടൃത്താള് തുടങ്ങി എല്ലാവിധ കാര്‍ഷിക വിളകളും രാത്രികാലങ്ങളില്‍ കൂട്ടമായെത്തുന്ന പന്നിക്കൂട്ടം നശിപ്പിക്കുന്നത് വ്യാപകമായിരിക്കുകയാണ്. കൂട്ടപ്പുന്ന കള്ളിപ്പാലെ കെ.വി.ശശിയുടെ മൂന്ന് വര്‍ഷം പ്രായമായ കമുകുകള്‍ ഇന്നലെ രാത്രി കൂട്ടമായെത്തിയ പന്നിക്കൂട്ടം നശിപ്പിച്ചു. കൂടാതെ കെ.വി.ശാന്തയുടെ മധുരക്കിഴങ്ങ്, വി.പി.നാരായണന്‍റെ മരച്ചീനി, ചേമ്പ് മുതലായവ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. പ്രദേശവാസികള്‍ക്ക് ഇത്തരം കൃഷികള്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍. പലരും കാലവര്‍ഷം തുടങ്ങുമ്പോള്‍ കപ്പകൃഷി തുടങ്ങും, കന്നി, തുലാം മാസങ്ങളില്‍ മധുരക്കിഴങ്ങ് കൃഷിയും തുടങ്ങും. കാട്ടുപന്നികള്‍ നശിപ്പിക്കുന്നതുകാരണം ഒരു കൃഷിയും വിളവെടുക്കാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍. കാട്ടുപന്നിയുടെ വിളയാട്ടം മൂലം കഷ്ട്ടപ്പെട്ട് കൃഷി ഇറക്കിയ കര്‍ഷകര്‍ക്ക് കണ്ണീരു മാത്രം ബാക്കിയാകുന്ന സ്ഥിതിയാണ് എങ്ങും കാണാന്‍ കഴിയുന്നത്. മലയോരമേഖലയിലെ മുഖ്യപ്രദേശങ്ങളിലും സമാന സ്ഥിതിയാണുള്ളത്. ഇതിനൊരു പരിഹാരം ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നുണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.