കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് കേളികൊട്ട് ഉയര്‍ന്നതോടെ അതാത് വാര്‍ഡുകളില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അണിയറയില്‍ രഹസ്യചര്‍ച്ചകള്‍ തുടങ്ങി. മത്സരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ നേതാക്കളുമായി നിരന്തരസമ്പര്‍ക്കത്തിലുമാണ്. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ഭരണം ഇത്തവണ തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. അതേസമയം ഭരണം വീണ്ടും നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. പതിവിന് വിരുദ്ധമായി കോണ്‍ഗ്രസ് മാസങ്ങളായി തിരഞ്ഞെടുപ്പ് ഒരുക്കത്തിലാണ്. കതിരില്‍ വളം വെക്കുന്ന കോണ്‍ഗ്രസ് ഇത്തവണ മൂട്ടില്‍ തന്നെ വളമിടുന്നുണ്ട്. വാര്‍ഡുകള്‍ തോറും മഹാത്മാഗാന്ധി കുടുംബസംഗമവും ഗൃഹസന്ദര്‍ശനവും നടത്തിവരികയാണ്. വോട്ടുചേര്‍ക്കലും മുറപോലെ നടക്കുന്നു. ഇതിനിടയില്‍ ഫണ്ട് ശേഖരണവുമുണ്ട്. ഒരു വാര്‍ഡില്‍ നിന്നും 60,000 രൂപ പിരിച്ചെടുക്കണമെന്നാണ് കെ.പി.സി.സി നിര്‍ദ്ദേശം. ഇതില്‍ 6000 രൂപ കെ.പി.സി.സിക്ക് നല്‍കണം. അവശേഷിക്കുന്ന 54000 രൂപ വാര്‍ഡിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാം. വോട്ടുചേര്‍ക്കാനും ഇത്തവണ മാസങ്ങള്‍ക്ക് മുമ്പേ ഓരോ വാര്‍ഡിലും എഐസിസി ഫണ്ട് അനുവദിച്ചിരുന്നു. അത് എത്രമാത്രം ഫലപ്രദമായി ഉപയോഗിച്ചുവെന്ന് വരും ദിവസങ്ങളില്‍ പുറത്തുവരും. കുറച്ചുപണം ചിലരുടെയെങ്കിലും കീശയിലായിട്ടുണ്ടാകുമെന്നാണ് പൊതുവെയുള്ള അഭിപ്രായം.
കാഞ്ഞങ്ങാട് നഗരസഭാ തിരഞ്ഞെടുപ്പില്‍ ഭരണപ്രതീക്ഷയില്‍ മുസ്ലീംലീഗുകാരായ ചില പ്രാദേശിക നേതാക്കള്‍ ചെയര്‍മാനാവാനും തയ്യാറെടുക്കുന്നുണ്ട്. കടപ്പുറം വാര്‍ഡില്‍ മത്സരിക്കാനൊരുങ്ങുന്ന മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ.ബദറുദ്ദീനും മണ്ഡലം ട്രഷറര്‍ സി.കെ.റഹ്മത്തുള്ളയും ചെയര്‍മാന്‍ കുപ്പായത്തിന് തുണിയെടുത്ത് തുന്നല്‍ക്കാരനെ ഏല്‍പ്പിച്ചുവെന്നാണ് ആളുകള്‍ പറയുന്നത്. പടന്നക്കാട്ടെ തായിലക്കണ്ടി വാര്‍ഡില്‍ ഇത്തവണ അബ്ദുള്‍ റസാഖ് മത്സരിക്കും. 2015 ലെ തിരഞ്ഞെടുപ്പില്‍ ഇവിടെ അബ്ദുള്‍ റസാഖായിരുന്നു കൗണ്‍സിലര്‍. 2020 ല്‍ ഭാര്യ ഹസീന കൗണ്‍സിലറായി. ഇനി ഹസീനക്കും റസാഖിനും പടന്നക്കാട് വാര്‍ഡില്‍ മത്സരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മകളെ മത്സരിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് അസൂയാലുക്കള്‍ ഇവരെ പരിഹസിക്കുന്നുണ്ടെങ്കിലും വാര്‍ഡിന് വേണ്ടി നന്നായി പ്രവര്‍ത്തിക്കുന്നവരാണ് ദമ്പതികളെന്ന് ജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മുസ്ലീംലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗവും മുന്‍ കൗണ്‍സിലറുമായ എം.പി.ജാഫറിന് നഗരസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ലീഗ് നേതൃത്വം കൊണ്ടുവന്ന നിയമം ജാഫറിന് എതിരാണ്. മൂന്നുതവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ നിലപാട്. പ്രായപൂര്‍ത്തിയായപ്പോള്‍ മുതല്‍ ജാഫര്‍ നഗരസഭയിലേക്ക് മത്സരിക്കുന്നുണ്ട്. സംസ്ഥാന പ്രവര്‍ത്തകസമിതി അംഗമെന്ന നിലയില്‍ സംസ്ഥാന ലീഗ് നേതൃത്വം ഇളവ് നല്‍കിയേക്കുമെന്ന പ്രതീക്ഷയിലാണ് ജാഫര്‍. നിലവിലുള്ള നഗരസഭാ വൈസ് ചെയര്‍മാന്‍ നാഷണല്‍ ലീഗുകാരനായ പി.അബ്ദുള്ളയും വീണ്ടും മത്സരത്തിന് തയ്യാറെടുക്കുന്നുണ്ട്. എന്നാല്‍ പ്രാദേശികമായി അബ്ദുള്ളക്കെതിരെ ശക്തമായ എതിര്‍പ്പ് ഉയരുന്നുണ്ട്. ബില്‍ടെക് അബ്ദുള്ള എന്നറിയപ്പെടുന്ന പി.അബ്ദുള്ള പ്രാദേശിക പാര്‍ട്ടിയുമായി നല്ല ബന്ധത്തിലല്ല. നാഷണല്‍ ലീഗുകാര്‍ വിളിച്ചാല്‍ ഫോണ്‍പോലും അറ്റന്‍റ് ചെയ്യാറില്ലെന്നാണ് ആരോപണം. സംഘടനാകാര്യങ്ങളിലും ശ്രദ്ധിക്കാറില്ല. ഇബ്രാഹിം സുലൈമാന്‍ സേട്ടിന്‍റെ പേര് നിലനിര്‍ത്താന്‍ വാങ്ങിയ മെഹബൂബെ മില്ലത്ത് സേട്ടുസാഹിബ് സ്മാരക ആംബുലന്‍സ് വര്‍ഷങ്ങളായി കട്ടപ്പുറത്താണ്. നാഷണല്‍ ലീഗുകാര്‍ പണം സമാഹരിച്ച് വാങ്ങിയ ആംബുലന്‍സിന്‍റെ നടത്തിപ്പ് ചുമതല പി.അബ്ദുള്ളക്കായിരുന്നു. കഴിഞ്ഞതവണ അബ്ദുള്ള മത്സരിച്ച വാര്‍ഡ് സ്വാഭാവികമായും ഇത്തവണ സ്ത്രീവാര്‍ഡാവും. അങ്ങനെയെങ്കില്‍ അടുത്ത ഏതെങ്കിലും വാര്‍ഡില്‍ മത്സരിക്കാനാണ് അബ്ദുള്ള ആലോചിക്കുന്നത്. കോണ്‍ഗ്രസിന് നിലവില്‍ നഗരസഭയില്‍ രണ്ട് വാര്‍ഡുകള്‍ മാത്രമാണുള്ളത്. മരക്കാപ്പ് കടപ്പുറവും തീര്‍ത്ഥങ്കരയും. മരക്കാപ്പ് കടപ്പുറത്ത് കെ.കെ.ബാബുവും തീര്‍ത്ഥങ്കരയില്‍ ശോഭയുമാണ് കൗണ്‍ സിലര്‍മാര്‍. ഇത്തവണ അത് എട്ട് വാര്‍ഡുകളിലേക്ക് ഉയര്‍ത്താനാണ് പരിശ്രമം. നിലവില്‍ കാഞ്ഞങ്ങാട് നഗരസഭയില്‍ 47 വാര്‍ഡുകളാണുള്ളത്.