കരിന്തളം: ഓട്ടിസം ബാധിച്ച നാലാം ക്ലാസുകാരിയായ ഏക മകളെ തനിച്ചാക്കി ഉമ്മ ഷെബീനയുടെ ആഗസ്മിക വേര്‍പാട് നാടിന്‍റെ നൊമ്പരമായി. ഇന്നലെ രാവിലെയാണ് ചോയ്യംകോട് പോണ്ടിയിലെ വെളിക്കോത്ത് ഷെബീന (37) ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ഷെബീനയുടെ ഏകമകള്‍ ഓട്ടിസം ബാധിച്ച കെന്‍സാ ഫൈസല്‍ കീഴ്മാല എ എല്‍ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ജന്മനാ പരസഹായമില്ലാതെ ഒന്നും ചെയ്യാനാകാത്ത കെന്‍സയുടെ എല്ലാമായിരുന്നു ഉമ്മ ഷെബീന. മകളെയും ഒക്കത്തിരുത്തി എന്നും സ്കൂളിലേക്കുള്ള ഷെബീനയുടെ യാത്ര ഏവരുടെയും കരളലിയിപ്പിക്കുന്നതാണ്. സ്കൂളിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വലിയ ഇഷ്ടമായിരുന്നു ഈ ഉമ്മയെയും മകളെയും. സ്കൂളിലെ എല്ലാ പരിപാടികളിലും ഷെബീനയും കെന്‍സയും സജീവ സാന്നിധ്യവുമായിരുന്നു. സ്കൂളില്‍ ഒരു വിദ്യാര്‍ത്ഥിയെ പോലെ മകള്‍ക്ക് കൂട്ടായി വൈകുന്നേരം വരെ എന്നും ഷെബീന ക്ലാസ്സ് മുറിയില്‍ ഉണ്ടാകുമായിരുന്നു. ആ ഉമ്മയുടെ വിയോഗം പോലും ആ കുഞ്ഞു മനസ്സിന് തിരിച്ചറിയുവാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. ഷെബിനയുടെ വിയോഗം സ്കൂള്‍ കുട്ടികളെയും അധ്യാപകരെയും ഒരുപോലെ സങ്കടക്കടലിലാക്കി. തുടക്കത്തില്‍ തീരെ വയ്യാതിരുന്ന കെന്‍സയ്ക്ക് ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട്. ഇതിലൂടെ ചെറിയൊരു മാറ്റമുണ്ട് എന്നാണ് കീഴ്മാല എ എല്‍ പി സ്കൂളിലെ അധ്യാപകര്‍ പറയുന്നത്. ഷെബീനയെ പോലെ ഇനി കെന്‍സയെയും ഒക്കത്തിരുത്തി ആര് സ്കൂളിലെത്തിക്കുമെന്ന ഒരു ചോദ്യം സങ്കടമായി നിലനില്‍ക്കുന്നു.
ഏക മകള്‍ കെന്‍സയെ തനിച്ചാക്കി ഷെബീന യാത്രയായി
