നീലേശ്വരം : കര്‍ഷകര്‍ക്ക് ആശ്വാസമായി കാട്ടുപന്നികളെ വെടിവെച്ച് കൊന്നു തുടങ്ങി. മനുഷ്യരെ ആക്രമിക്കുകയും കൃഷികള്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിനുള്ള നടപടികളാണ് തുങ്ങിയത്. മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായാണ് പഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്ത എംപാനല്‍ ഷൂട്ടര്‍മാരുടെ നേതൃത്വത്തില്‍ നായാട്ട് സംഘങ്ങള്‍ പന്നികളെ വെടിവെച്ചു കൊല്ലുന്നത്. നിലവില്‍ വേണു കയ്യൂര്‍, ഉബൈദ് അമ്പലത്തറ, രാഘവന്‍ നരിയണ്ണടുക്ക, കുഞ്ഞിരാമന്‍ അടുക്കം തുടങ്ങി 13 പേരാണ് എംപാനല്‍ ഷൂട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിനകം മടിക്കൈ, പനത്തടി പഞ്ചായത്തുകളിലാണ് പന്നികളെ വെടിവെച്ചിട്ടു തുടങ്ങിയത്. വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 16 മുതല്‍ 30 വരെ നടത്തിയ ഹെല്‍പ്പ് ഡെസ്കില്‍ ലഭിച്ച പരാതികളില്‍ ഏറ്റവും കൂടുതല്‍ കാട്ടുപന്നി ശല്യത്തിനെതിരെ ആയിരുന്നു. ആറു പഞ്ചായത്തുകളില്‍ നടത്തിയ ഹെല്‍പ്പ് ഡെസ്കില്‍ 2333 പരാതികളാണ് ലഭിച്ചത്. ഇതില്‍ ബളാല്‍ പഞ്ചായത്തില്‍ നിന്നു മാത്രം 1103 പരാതികളാണുണ്ടായത്. രണ്ടായിരത്തിലേറെയും പരാതികള്‍ കാട്ടുപന്നി ശല്യത്തിനെതിരെ ആയിരുന്നു. പനത്തടി പഞ്ചായത്തിലെ വാതില്‍മാടി, എരിഞ്ഞിലംകോട്, ചിത്താരി, അടോട്ടുകയ, എന്നിവിടങ്ങളിലും മടിക്കൈ പഞ്ചായത്തിലെ എരിക്കുളത്തുമാണ് നടപടിയാരംഭിച്ചത്. മടിക്കൈ എരിക്കുളത്ത് കഴിഞ്ഞ ദിവസം രണ്ട് പന്നികളെ വെടിവെച്ചിട്ടു. പഞ്ചായത്തില്‍ ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഉപദ്രവകാരികളായ പന്നിയെ വെടിവെക്കാന്‍ ഉത്തരവ് നല്‍കുന്നത്. വെടി വെച്ചിട്ട് പന്നികളെ പഞ്ചായത്ത് മെമ്പറുടെ മുന്നില്‍ ഹാജരാക്കി അതിന്‍റെ ഫോട്ടോ പഞ്ചായത്തില്‍ സൂക്ഷിക്കണമെന്നാണ് നിയമം. പ്രതിഫലമായി ഓരോ ഷൂട്ടര്‍മാര്‍ക്കും 1500 രൂപയാണ് ലഭിക്കുക. പരാതികളുടെ എണ്ണം നോക്കുമ്പോള്‍ ഷൂട്ടര്‍മാരുടെ എണ്ണം വളരെ കുറവാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
കര്‍ഷകര്‍ക്ക് ആശ്വാസം: കാട്ടുപന്നികളെ വെടിവെച്ചു കൊന്നു
