കാസര്‍കോട്: യുവ അഭിഭാഷകയും സിപിഎം കുമ്പള ലോക്കല്‍ കമ്മറ്റി അംഗവുമായ ബത്തേരിയിലെ രഞ്ജിത (30) വക്കീല്‍ ഓഫീസില്‍ ജീവനൊടുക്കിയതിന് പിന്നാലെ മുങ്ങിയ അഭിഭാഷകന്‍ അറസ്റ്റില്‍.
പത്തനംതിട്ട, പുറമുറ്റം, മുണ്ടലം, ശാന്ത ഭവനിലെ അനില്‍കുമാറിനെയാണ് (45) കുമ്പള എസ്.ഐ കെ.ശ്രീജേഷും സംഘവും തിരുവനന്തപുരത്ത് വച്ച് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് അറസ്റ്റ്. ഇന്നലെ രാത്രി കാസര്‍കോട്ടെത്തിച്ച പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. രഞ്ജിതയുടെ മരണം സംബന്ധിച്ച അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം കുമ്പള ഏരിയാ കമ്മറ്റിയും ലോക്കല്‍ കമ്മറ്റിയും രംഗത്തുവന്നതിന് പിന്നാലെയാണ് അഭിഭാഷകനെ പിടികൂടിയത്. സെപ്തംബര്‍ 30ന് വൈകുന്നേരമാണ് രഞ്ജിതയെ കുമ്പളയിലെ സ്വന്തം ഓഫീസ് മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് അഭിഭാഷകയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫോണില്‍നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പോലീസ് അന്വേഷണ വിധേയമായി അഭിഭാഷകനെ കസ്റ്റഡിയിലെടുത്തത്. അഭിഭാഷകയുടെ മരണം നടന്നയുടനെ ഇദ്ദേഹം നാട്ടിലേക്ക് രക്ഷപ്പെട്ടിരുന്നു. സുഹൃത്തിന്‍റെ മൃതദേഹം കാണാനോ അന്തിമോപചാരമര്‍പ്പിക്കാനോ അഭിഭാഷകനെത്തിയില്ലെന്നും പറയുന്നു. മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ പുറത്തുകൊണ്ടുവരുന്നതിനായി സമഗ്ര അന്വേഷണം സിപിഎം കുമ്പള ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.