നീലേശ്വരം : വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത വിധം കാട് റോഡിലേക്ക് ഇറങ്ങിയത് ജനങ്ങളുടെ ജീവന് ഭീഷണിയായി. മലയോര മേഖലയിലേക്കുള്ള പ്രധാന റോഡായ നീലേശ്വരം എടത്തോട് റോഡില്‍ നീലേശ്വരം ബ്ലോക്ക് ഓഫീസിന് സമീപമാണ് കാടുകള്‍ വളര്‍ന്ന് റോഡിലേക്ക് തൂങ്ങി നില്‍ക്കുന്നത്. ഇവിടെ ചെറിയ വളവ് കൂടി ഉള്ളതിനാല്‍ ദൂരക്കാഴ്ച കിട്ടാത്തതിനാല്‍ വളരെ അടുത്തെത്തുമ്പോള്‍ മാത്രമാണ് എതിര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളെ കാണുന്നത്. പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ അപകടങ്ങളില്‍ നിന്നും പല വാഹനങ്ങളും രക്ഷപ്പെടുന്നത്. നിത്യേന ബസ് ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്. കാട് റോഡിലേക്കിറങ്ങി നില്‍ക്കുന്നതിനാല്‍ കാല്‍നട യാത്രക്കാര്‍ക്കും വലിയ ദുരിതമാണ്. ബ്ലോക്ക് ഓഫീസ് മറ്റ് വിവിധ സര്‍ക്കാര്‍ ഓഫീസ്, ചിന്മയ വിദ്യാലയം, ഇ എം എസ് സ്റ്റേഡിയം എന്നിവിടങ്ങളിലേക്കെല്ലാമായി ദിവസവും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇവിടെ വന്നുപോകുന്നത്. ഇവിടുത്തെ ബസ്സ്റ്റോപ്പിന് സമീപം തന്നെയാണ് ഈ ദുരവസ്ഥ. ആരുടെയോ കൃപാ കടാക്ഷം കൊണ്ടു മാത്രമാണ് പൊതുജനങ്ങള്‍ അപകടത്തില്‍ പെടാതിരിക്കുന്നത്. മറ്റു പല സ്ഥലങ്ങളിലും പിഡബ്ല്യുഡി ഡിപ്പാര്‍ട്ട്മെന്‍റ് തന്നെ റോഡരികിലെ കാടുകള്‍ വെട്ടിത്തെളിച്ചിട്ടുണ്ടെങ്കിലും ഈ റോഡില്‍ അത് ചെയ്തു കാണുന്നില്ല. വലിയൊരു ദുരന്തത്തിന് കാത്തു നില്‍ക്കാതെ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ജനങ്ങള്‍ക്ക് ഭീഷണിയായി കാട് റോഡിലേക്കിറങ്ങി
