നീലേശ്വരം : റിട്ടയേര്‍ഡ് അധ്യാപകന്‍റെ വീട്ടില്‍ നിന്നും അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന അഞ്ചരപവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കുടുംബസുഹൃത്തിനെ ചന്തേര പോലീസ് കസ്റ്റഡിയിലെടുത്തു. മാണിയാട്ട് കോളിക്കര വീട്ടില്‍ റിട്ട. അധ്യാപകന്‍ സി.എം.രവീന്ദ്രന്‍റെ(61) വീട്ടിലെ സ്യൂട്ട് കേസില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ച കേസില്‍ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ വിനുവിനെയാണ് (45) ചന്തേര പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഓരോ പവന്‍ തൂക്കം വരുന്ന മൂന്ന് വളകളും രണ്ടര പവന്‍റെ പാലക്കയുമാണ് മോഷണം പോയത്. ഒക്ടോബര്‍ 17ന് ഉച്ചക്ക് ഒരു മണിക്കും 21 ന് രാത്രി 8 മണിക്ക് ഇടയിലുള്ള ഏതോ സമയത്താണ് മോഷണം പോയത്. രവീന്ദ്രന്‍റെ കുടുംബസുഹൃത്തായ വിനു പലപ്പോഴും ഈ വീട്ടിലാണ് താമസം. ദൂരസ്ഥലങ്ങളില്‍ പോകുമ്പോള്‍ കാര്‍ ഡ്രൈവ് ചെയ്യുന്നതും വിനുവാണ്. ഈ വിശ്വാസ്യത മുതലെടുത്താണ് മോഷണം നടത്തിയത്. ഇതിന് മുമ്പും പലതവണ വീട്ടില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നുവെങ്കിലും വിനുവിനെ സംശയമുണ്ടായിരുന്നില്ല. എന്നാല്‍ വിനു ധാരാളമായി പണം ചിലവഴിക്കുന്നത് കണ്ട് സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചതെന്ന് വ്യക്തമായത്. നീലേശ്വരം സിറ്റി സെന്‍ററിലെ ഒരു കടയിലാണ് സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍പ്പന നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ഉടന്‍ പ്രതിയുടെ അറസ്റ്റുണ്ടാകും.
റിട്ട. അധ്യാപകന്‍റെ വീട്ടില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ചു; കുടുംബസുഹൃത്ത് കസ്ററഡിയില്‍
