നീലേശ്വരം: സ്കൂള്‍ കലോത്സവത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം പ്രതാപം തിരിച്ചുപിടിച്ച് രാജാസ് ഹയര്‍സെക്കണ്ടറി സ്കൂള്‍. ഇത്തവണ 78 പോയിന്‍റുമായി ജില്ലയില്‍ ഒന്നാംസ്ഥാനത്താണ് രാജാസ്. 73 പോയിന്‍റ് നേടിയ ദുര്‍ഗാഹയര്‍സെക്കണ്ടറി സ്കൂള്‍ രണ്ടാംസ്ഥാനത്തും. 53 പോയിന്‍റുമായി ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ മൂന്നാംസ്ഥാനത്തും 48 പോയിന്‍റോടെ സി കെ എന്‍ എസ് എച്ച് എസ് എസ് പിലിക്കോട് നാലാംസ്ഥാനത്തുമാണ്. ജില്ലക്ക് 947 പോയിന്‍റോടെ ഒമ്പതാം സ്ഥാനമാണ് കാസര്‍കോട് ജില്ലക്കുള്ളത്. കഴിഞ്ഞവര്‍ഷം 913 പോയിന്‍റായിരുന്നു ജില്ലക്കുണ്ടായിരുന്നത്. അറബിക് കലോത്സവത്തില്‍ 95 പോയിന്‍റുമായി കാസര്‍കോട് ജില്ലക്കാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്. 93 പോയിന്‍റ് നേടി സംസ്കൃതോത്സവത്തില്‍ ജില്ലക്ക് രണ്ടാംസ്ഥാനവും ലഭിച്ചു. 772 കലാകാരന്മാരാണ് തൃശൂരില്‍ നടന്ന കലോത്സവത്തില്‍ പങ്കെടുത്തത്. അപ്പീലുമായി മത്സരിച്ച 14 പേരില്‍ ആറുപേര്‍ക്ക് എ ഗ്രേഡ് ലഭിക്കുകയും ചെ യ്തു. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ പഞ്ചവാദ്യം, മദ്ദളം, ഭരതനാട്യം, കൊച്ചുപ്പിടി, കേരളനടനം, കൂടിയാട്ടം, ട്രിപ്പിള്‍/ജാസ്, ഉപന്യാസം എന്നിവയിലും ഹൈസ്കൂള്‍ വിഭാഗത്തില്‍ ലളിതഗാനം, അഷ്ടപതി, വന്ദേമാതരം, വഞ്ചിപ്പാട്ട്, ഇംഗ്ലീഷ് എസ് എ എന്നിവയിലുമാണ് രാജാസിലെ വിദ്യാര്‍ത്ഥികള്‍ മത്സരിച്ചത്. മത്സരിച്ച എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടാനും രാജാസിലെ കുട്ടികള്‍ക്ക് കഴിഞ്ഞു. കൊച്ചുപ്പിടി, ഭരതനാട്യം, കേരളനടനം എന്നിവയില്‍ എ ഗ്രേഡ് നേടി ഗൗരി ലക്ഷ്മി സ്കൂളിലെ താരമായി മാറി. മാനേജ്മെന്‍റിന്‍റെ യാതൊരു പിന്തുണയുമില്ലാതെയാണ് രാജാസിലെ വിദ്യാര്‍ത്ഥികള്‍ ഈ നോട്ടം കൊയ്തത്. ഒരുകാലത്ത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സ്കൂളായിരുന്നു രാജാസ്. ഒരുതവണ ജി.കെ.ശ്രീഹരിയിലൂടെ കലാപ്രതിഭാപട്ടം രാജാസിലെത്തിയിരുന്നു. നടി കാവ്യാമാധവന്‍റെ വളര്‍ച്ചയും രാജാസിലെ സ്കൂള്‍ കലോത്സവവേദികളിലൂടെ തന്നെയായിരുന്നു. അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും പിടിഎയുടേയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് രാജാസിന്‍റെ ഈ നേട്ടങ്ങള്‍ക്ക് കാരണമെന്ന് പിടിഎ പ്രസിഡണ്ട് വിനോദ് അരമന പറഞ്ഞു.
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പ്രതാപം തിരിച്ചുപിടിച്ച് രാജാസ്