നീലേശ്വരം: നഗരസഭ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും യാത്രക്കാര്‍ക്ക് ദുരിതം തന്നെ. സ്റ്റാന്‍റിലെ യാര്‍ഡിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാവാത്തതിനെ തുടര്‍ന്ന് പുതിയ സ്റ്റാന്‍റിലേക്ക് ബസുകള്‍ കയറുന്നില്ല.
അതിനാല്‍ താല്‍ക്കാലിക ബസ് സ്റ്റാന്‍ഡിലും പുതിയ ബസ് സ്റ്റാന്‍ഡിലും ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ക്ക് പൊടിയും വെയിലും കൊള്ളേണ്ട അവസ്ഥയാണ്. മലയോര മേഖലയിലേക്ക് പോകേണ്ട യാത്രക്കാരാണ് പുതിയ ബസ് സ്റ്റാന്‍ഡ് യാര്‍ഡിന് മുന്‍വശം വെയിലും പൊടിയും സഹിച്ച് ബസ് കാത്തുനില്‍ക്കുന്നത്. നേരത്തെ ഇവിടെ ബസ് കാത്തുനില്‍ക്കാനായി താല്‍ക്കാലിക ഷെഡ് നിര്‍മ്മിച്ചിരുന്നു. ഈ ഷെഡ് ബസ്റ്റാന്‍റ് ഉദ്ഘാടനത്തോടനുബന്ധിച്ച് പൊളിച്ച് നീക്കിയതോടെയാണ് യാത്രക്കാര്‍ ഇപ്പോള്‍ വെയിലത്ത് ബസ് കാത്തുനില്‍ക്കേണ്ട ഗതികേടിലായത്. യാര്‍ഡിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചെങ്കിലും ഇത് പൂര്‍ത്തിയാകണമെങ്കില്‍ ഇനിയും ഒരുമാസമെങ്കിലും കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. ബസ്റ്റാന്‍റ് നിര്‍മ്മാണത്തിന്‍റെ കരാറുകാരന്‍ കെട്ടിടനിര്‍മ്മാണം കാലാവധിക്ക് മുമ്പേതന്നെ തീര്‍ത്തെങ്കിലും യാര്‍ഡ് നിര്‍മ്മാണത്തിന് അനുമതി ലഭിക്കാന്‍ വൈകിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.