നീലേശ്വരം സ്റ്റാന്‍റിനെ തഴഞ്ഞ് ദീര്‍ഘദൂര ബസുകള്‍

നീലേശ്വരം: ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ മിക്കതും നീലേശ്വരം ബസ്റ്റാന്‍റിലേക്ക് പോകാത്തത് യാത്രക്കാരെ ദുരിതത്തിലാക്കി. നീലേശ്വരം ബസ്റ്റാന്‍റിലേക്കുള്ള ചാര്‍ജാണ് ഈടാക്കുന്നതെങ്കിലും പയ്യന്നൂര്‍ ഭാഗത്തുനിന്നും കാസര്‍കോട് ഭാഗത്തുനിന്നും വരുന്ന ബസുകള്‍ യാത്രക്കാരെ മാര്‍ക്കറ്റ് ജംഗ്ഷനില്‍ ഇറക്കിവിടുകയാണ് പതിവ്. ഇതിനെതിരെ പ്രതികരിച്ചാല്‍ ബസ് ജീവനക്കാര്‍ ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ട്. വഴിയില്‍ ഇറക്കിവിടുന്നതുമൂലം പലപ്പോഴും കിഴക്കന്‍ മലയോരമേഖലകളിലേക്ക് പോകേണ്ട യാത്രക്കാരും സ്ത്രീകളും വയോധികരും അംഗപരിമിതരുമാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടിവരുന്നത്. മാര്‍ക്കറ്റില്‍ ഇറക്കിവിടുന്ന യാത്രക്കാര്‍ പിന്നീട് ബസ്റ്റാന്‍റിലേക്ക് പോകേണ്ട യാത്രക്കാര്‍ 30 രൂപ കൊടുത്ത് ഓട്ടോറിക്ഷയോ 10 രൂപ കൊടുത്ത് അടുത്ത ബസിനോ കയറേണ്ട സ്ഥിതിയാണ്. ഇങ്ങനെ വരുമ്പോള്‍ മലയോരത്തേക്ക് പോകേണ്ട ബസുകള്‍ കിട്ടാതാവുകയും ചെയ്യുന്നു. മാര്‍ക്കറ്റ്ജംഗ്ഷനില്‍ ട്രാഫിക് ഡ്യൂട്ടിയില്‍ പോലീസുകാര്‍ ഉണ്ടാകാറുണ്ടെങ്കിലും ഇവരും ഇതില്‍ ഇടപെടാറില്ലത്രെ. ദേശീയപാതാ നവീകരണത്തെ തുടര്‍ന്ന് ഗതാഗതകുരുക്ക് ഉണ്ടാകുന്നതിനാല്‍ സമയം വൈകുന്നുവെന്ന കാരണം പറഞ്ഞാണ് മിക്ക ദീര്‍ഘദൂര സ്വകാര്യ ബസുകളും നീലേശ്വരം സ്റ്റാന്‍റില്‍ കയറാതെ പോകുന്നത്. എന്നാല്‍ ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടങ്ങുന്നതിന് മുമ്പും മിക്ക ദീര്‍ഘദൂര സ്വകാര്യ ബസുകളും ബസ്റ്റാന്‍റില്‍ കയറാറുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ബസ്റ്റാന്‍റില്‍ കയറാത്ത ബസുകളെ തടഞ്ഞ് സ്റ്റാന്‍റിലേക്ക് കയറ്റിവിട്ടിരുന്നു. എന്നാല്‍ ഈ സമരവും ഒരു വഴിപാടായി മാറുകയാണ് ചെയ്തത്. ദേശീയപാതയിലൂടെ സര്‍വ്വീസ് നടത്തുന്ന മുഴുവന്‍ ബസുകളെയും ബസ്റ്റാന്‍റിലേക്ക് പോകാന്‍ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.