മുതിര്‍ന്ന സിപിഎം നേതാവ് കെ.എം.ജോസഫ് അന്തരിച്ചു

കണ്ണൂര്‍: ജില്ലയിലെ തലമുതിര്‍ന്ന സിപിഎം നേതാവും മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന കെ.എം. ജോസഫ് (81) അന്തരിച്ചു. അസുഖ ബാധിതനായി കണ്ണൂര്‍ ഏകെജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. 1970 കളില്‍ പാര്‍ട്ടിയില്‍ സജീവമായി. അടിയന്തരാവസ്ഥ കാലത്ത് കുടിയാന്മലയില്‍ സംഘടിപ്പിച്ച സുകുമാരന്‍ രക്തസാക്ഷി അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ എം.വി.ഗോവിന്ദന്‍, ഇ.പി.ജയരാജന്‍ എന്നിവര്‍ക്കൊപ്പം പോലീസ് മര്‍ദ്ദനം ഏല്‍ക്കേണ്ടിവരികയും ഇതേ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട് ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ പ്രതിഷേധയോഗങ്ങളില്‍ ജോസഫിന്‍റെ തീപ്പൊരി പ്രസംഗം കേള്‍ക്കാനായി ആയിരങ്ങള്‍ ഒഴുകിയെത്തുമായിരുന്നു. മലയോര മേഖലയിലെ കുടിയേറ്റ ജനവിഭാഗങ്ങളെ സംഘടിപ്പിച്ച് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ ജോസഫ് പ്രധാന പങ്കുവഹിച്ചു. കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്‍റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍, തളിപ്പറമ്പ പ്രാഥമിക കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്‍റ്, നടുവില്‍ പഞ്ചായത്ത് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മൃതദേഹം നാളെ പയ്യാമ്പലത്ത് സംസ്ക്കരിക്കും.