ഓടുന്ന ബസിലും ലോറിയിലും വീഡിയോ ചിത്രീകരണത്തിന് നിരോധനം

കൊച്ചി: ഓടുന്ന ബസുകളുടെയും ലോറികളുടെയും ഡ്രൈവറുടെ ക്യാബിനില്‍ കയറി വിഡിയോ ചിത്രീകരിക്കുന്നത് ഹൈകോടതി തടഞ്ഞു. കോണ്‍ട്രാക്ട് കാരിയേജുകളുടെയും ഹെവി ഗുഡ്സ് വാഹനങ്ങളുടെയും ഡ്രൈവര്‍ കമ്പാര്‍ട്ടുമെന്‍റിനുള്ളില്‍ വെച്ച് വ്ളോഗ് ചെയ്യുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറോടും സംസ്ഥാന പോലീസ് മേധാവിയോടുമാണ് കേരള ഹൈകോടതി നിര്‍ദ്ദേശിച്ചത്. വ്ളോഗര്‍മാര്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ നഷ്ടപ്പെടുന്നതിനും റോഡപകടങ്ങള്‍ക്കും കാരണമാകുമെന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് മുരളീ കൃഷ്ണ എസ് എന്നിവര്‍ ചൂണ്ടിക്കാട്ടി. ഉടമകളോ വ്ളോഗര്‍മാരോ യൂട്യൂബ് പോലുള്ള ഓണ്‍ലൈന്‍ വിഡിയോ പ്ലാറ്റ്ഫോമുകളില്‍ അപ്ലോഡ് ചെയ്ത ഇത്തരം വിഡിയോകള്‍ ശേഖരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരോട് കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ചരക്ക് ലോറികളില്‍ പോലും വ്ളോഗര്‍മാര്‍ ഡ്രൈവറുടെ ക്യാബിനിനുള്ളില്‍ വിഡിയോ ചിത്രീകരിക്കുന്നുണ്ട്. അടുത്തിടെ, വിഡിയോ എടുക്കുന്നതിനിടെ വാഹനം അപകടത്തില്‍പ്പെട്ടതും കോടതി ചൂണ്ടിക്കാട്ടി. ഡി.ജെ ലൈറ്റുകള്‍, ലേസര്‍ ലൈറ്റുകള്‍, പാസഞ്ചര്‍ കമ്പാര്‍ട്ടുമെന്‍റിനുള്ളിലെ മള്‍ട്ടികളര്‍ എല്‍ഇഡി ലൈറ്റുകള്‍, ഹൈപവര്‍ മ്യൂസിക് സിസ്റ്റങ്ങള്‍ എന്നിവയുടെ ദുരുപയോഗം സംബന്ധിച്ച കോടതി പുറപ്പെടുവിച്ച വിവിധ ഉത്തരവുകള്‍ പരസ്യമായി ലംഘിക്കുന്നുണ്ട്. ഇന്‍വെര്‍ട്ടറും ഒന്നിലധികം ബാറ്ററികളും കോണ്‍ട്രാക്ട് കാരിയേജുകളുടെ ലഗേജ് കമ്പാര്‍ട്ടുമെന്‍റിനുള്ളില്‍ സ്ഥാപിക്കുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കോടതി പറഞ്ഞു.