വോട്ട് തള്ളല്‍: പള്ളിക്കര ഓഫീസില്‍ ബഹളം; ഒടുവില്‍ നീതി

ബോക്കല്‍: പള്ളിക്കര പഞ്ചായത്തില്‍ വോട്ട് തള്ളല്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ട സമയം കഴിഞ്ഞിട്ടും സി പി എമ്മുകാരില്‍ നിന്നും വോട്ട് തള്ളല്‍ അപേക്ഷ സ്വീകരിച്ചതായി യുഡിഎഫ് ആരോപിച്ചു. പള്ളിക്കര പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയുള്ള ജീവനക്കാരനും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ ഇതുസംബന്ധിച്ച് രൂക്ഷമായ വാക്കേറ്റം നടന്നു. തെരഞ്ഞടുപ്പ് കമ്മീഷന്‍റ ഉത്തരവ് പ്രകാരം 14 ഉച്ചക്ക് 12 വരെ വോട്ടു തള്ളന്‍ സമയമുണ്ടായിരുന്നു. നിശ്ചിത ഫോറത്തില്‍ അന്നുവരെ 170 അപേക്ഷകള്‍ മാത്രമേ ലഭിച്ചിരുന്നുള്ളൂവെന്ന് യു ഡി എഫ് നേതാക്കള്‍ പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ ദിവസം പരിശോധിച്ചപ്പോള്‍ അപേക്ഷകളുടെ എണ്ണം 434 ആയി ഉയര്‍ന്നു. ഇത്രയും അപേക്ഷ എങ്ങെനെ വന്നുവെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ മറുപടി നല്‍കാനായില്ല. പള്ളിക്കര പഞ്ചായത്തില്‍ നിലവില്‍ സെക്രട്ടറിയില്ല. എഎസിനാണ് സെക്രട്ടറിയുടെ ചുമതല. അധികം വന്ന അപേക്ഷകള്‍ കമ്പ്യൂട്ടറുകളിലോ ലെഡ്ജര്‍ബുക്കിലോ രേഖപ്പെടുത്തുകയോ അപേക്ഷകര്‍ക്ക് റസീത് നല്‍കുകയോ ചെയ്തില്ല. അപേക്ഷകള്‍ മന്വലായി സമര്‍പ്പിക്കാമെന്ന കമ്മീഷന്‍റെ ഉത്തരവിന്‍റെ മറവിലാണത്രെ എല്‍ഡിഎഫ് അപേക്ഷകള്‍ നല്‍കിയത്. വോട്ട് തള്ളാന്‍ നല്‍കിയ അപേക്ഷകള്‍ മുഴുവന്‍ യു ഡി എഫുകാരായ യഥാര്‍ത്ഥ വോട്ടര്‍മാരാണെന്ന് യു ഡി എഫ് നേതാക്കള്‍ പറഞ്ഞു. 2 മുന്നണികളും ഇഞ്ചോടിഞ്ച് പോരാടുന്ന 19 (കീക്കാന്‍) വാര്‍ഡില്‍ യു ഡി എഫിന്‍റെ 64 വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഫോം 5 ല്‍ അപേക്ഷകള്‍ നല്‍കിയിട്ടുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു. ബേക്കല്‍ പോലീസ് 2 തവണ സ്ഥലത്തെത്തിയിരുന്നു. ബേക്കല്‍ സ്റ്റേഷനിലേക്ക് സെക്രട്ടറി ഇന്‍ ചര്‍ച്ചിനെയും യു ഡി എഫ് നേതാക്കളെയും വിളിച്ചുവരുത്തി സംസാരിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് യു.ഡി.എഫ് നേതാക്കളായ കെ ഇ എ ബക്കര്‍, സാജിദ് മൗവ്വല്‍, സിദ്ദിഖ് പള്ളിപ്പുഴ, സുകുമാരന്‍ പൂച്ചക്കാട്, രവീന്ദ്രന്‍ കരിച്ചേരി, ചോണായി മുഹമ്മദ്കുഞ്ഞി, എം.പി.എം.ഷാഫി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. പിന്നീട് സമയത്തിന് ശേഷം വാങ്ങിയ 116 അപേക്ഷകള്‍ സ്വീകരിക്കില്ലായെന്ന് ഉറപ്പ് നല്‍കിയതായി യു ഡി എഫ് നേതാക്കള്‍ അറിയിച്ചു.