ഓവുചാല്‍ നികത്താനുള്ള നീക്കം കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞു

പടന്നക്കാട്: നമ്പ്യാര്‍ക്കാല്‍ റോഡിനും റെയില്‍വേ പാളത്തിനും ഇടയിലുള്ള ഓവുചാല്‍ നികത്താനുള്ള റെയില്‍വേയുടെ ശ്രമം നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞു. കഴിഞ്ഞദിവസം രാവിലെയാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ ജെസിബിയുമായി ഓവുചാല്‍ നികത്താനെത്തിയത്. നാട്ടുകാര്‍ ഉടന്‍ നഗരസഭാ കൗണ്‍സിലറായ ലിസി ടീച്ചറെ വിവരം അറിയിച്ചു. നികത്താന്‍ പാടില്ലെന്ന് കൗണ്‍സിലറും നാട്ടുകാരും ആവശ്യപ്പെട്ടപ്പോള്‍ കൗണ്‍സിലറോട് റെയില്‍വേ ജീവനക്കാര്‍ ധിക്കാരപരമായി പെരുമാറുകയാണത്രെ ചെയ്തത്. പിന്നീട് കൗണ്‍സിലര്‍ ലിസി ടീച്ചര്‍ വില്ലേജ് ഓഫീസില്‍ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥരെത്തി നികത്തുന്നത് തടയുകയും ചെയ്തു. ജോലി നിര്‍ത്തി തിരികെ പോകാന്‍ ശ്രമിച്ച റെയില്‍വേ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടയുകയും നികത്തിയ ഓവുചാല്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒടുവില്‍ കൗണ്‍സിലറുടേയും നാട്ടുകാരുടേയും പ്രതിഷേധത്തിന് മുന്നില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ നികത്തിയ ഓവുചാല്‍ പുനസ്ഥാപിക്കുകയായിരുന്നു.