ഉഡുപ്പി-കരിന്തളം വൈദ്യുതി പദ്ധതി അതിവേഗത്തില്‍

കരിന്തളം: വടക്കെ മലബാറിലെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകുന്ന ഉഡുപ്പി-കരിന്തളം വൈദ്യുതി പദ്ധതിയുടെ പ്രവര്‍ത്തികള്‍ അതിവേഗം പുരോഗമിക്കുമ്പോള്‍ കരിന്തളം -വയനാട് പദ്ധതി അനിശ്ചിതാവസ്ഥയില്‍. ഉഡുപ്പിയില്‍നിന്ന് 2000 മെഗാവാട്ട് വൈദ്യുതി കേരളത്തിലെത്തിക്കുന്ന 400 കെവി ലൈന്‍വലിക്കുന്ന പ്രവര്‍ത്തി കേരളത്തില്‍ ഉടന്‍ പൂര്‍ത്തിയാകും. കേരളത്തില്‍ 47 കിലോമീറ്ററില്‍ 101 ടവറുകളിലാണ് ലൈന്‍ വലിക്കുന്നത്. കിനാനൂര്‍ -കരിന്തളം പഞ്ചായത്തിലെ കയനിയില്‍ 400 കെവി ജിഐഎസ് സബ് സ്റ്റേഷന്‍ നിര്‍മ്മാണവും പുരോഗതിയിലാണ്. കര്‍ണാടകത്തിലെ പ്രവൃത്തി 60 ശതമാനത്തിലെത്തി. 67 കിലോമീറ്ററില്‍ 180 ടവറുകളാണുള്ളത്. കേന്ദ്ര ഊര്‍ജവകുപ്പിന്‍റെ 860 കോടി രൂപയുടെ പദ്ധതിയാണിത്. സ്റ്റര്‍ലൈറ്റ് പവര്‍ ട്രാന്‍സ്മിഷന്‍ ലിമിറ്റഡിനാണ് നിര്‍മാണ കരാര്‍. ഉഡുപ്പി കാസര്‍കോട് ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് കമ്പനിക്കാണ് (യുകെടിഎല്‍) നിര്‍മ്മാണ ചുമതല. എന്നാല്‍ 125 കിലോമീറ്ററുള്ള വയനാട് -കരിന്തളം 400 കെവി ലൈന്‍ പദ്ധതി ഇപ്പോഴും അനിശ്ചിതത്വത്തിലാണ് . നഷ്ടപരിഹാരം നല്‍കാന്‍ ധാരണയായെങ്കിലും. ആറുമാസം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാത്തതാണ് പ്രവര്‍ത്തി അനിശ്ചിതത്വത്തില്‍ ആകാന്‍ കാരണം. വൈദ്യുതിമന്ത്രിയുടെ സാന്നിധ്യത്തില്‍ ജൂലായ് രണ്ടിന് നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സമരസമിതി ഇതിനെതിരെ എതിര്‍പ്പുമായി രംഗത്തുവന്നു. സര്‍ക്കാര്‍ വീണ്ടും ഒരു സര്‍വേ നടത്തുകയും വ്യക്തിഗത നഷ്ടപരിഹാരം തിട്ടപ്പെടുത്തുകയും സമരക്കാര്‍ ഇത് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങാത്തതിനാല്‍ പ്രവൃത്തി ഇതുവരെ തു ടങ്ങാനായിട്ടില്ല. ഉത്തരമലബാര്‍ വഴി കേരളം മുഴുവന്‍ വൈദ്യുതിയെത്തിക്കുന്ന പദ്ധതിയാണിത്. 2022ലാണ് പദ്ധതി തുടങ്ങിയത്. 2025 മേയ് ആയിരുന്നു പൂര്‍ത്തികരണ കാലാവധി. 360 ടവറുകളില്‍ 64 എണ്ണം മാത്രമാണ് ഇതു വരെ പൂര്‍ത്തിയാക്കിയത്. 639 കോടി രൂപയാണ് പദ്ധതിച്ചെലവ്. കെഎസ്ഇബി ട്രാന്‍സ്ഗ്രിഡ് മേല്‍നോട്ടത്തില്‍ എല്‍ ആന്‍ഡ് ടി കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡിനാണ് നിര്‍മ്മാണച്ചുമതല.